ദൈവത്തിന്റെ സംരക്ഷണം – സിസ്റ്റർ ഷീജാ ജെയിംസ്
രൂത്ത് 1 : 1
ന്യായാധിപന്മാർ ന്യായപാലനം നടത്തിയ കാലത്തു ഒരിക്കൽ ദേശത്തു ക്ഷാമം ഉണ്ടായി. യെഹൂദയിലെ ബേത് ലഹേമിലുള്ള ഒരു ആൾ തന്റെ ഭാര്യയും രണ്ട് പുത്രന്മാരുമായി മോവാബ് ദേശത്തു പരദേശിയായ് പാർപ്പാൻ പോയി.
ഇവിടെ നമുക്ക് കാണുവാൻ കഴിയുന്നത് ഒരു ദേശത്തെ ക്ഷാമത്തെ കുറിച്ചാണ്. ജീവിതത്തിൽ ഒരു ചെറിയ ബുദ്ധിമുട്ടു നേരിട്ടപ്പോൾ എലീമേലേക് തന്റെ കുടുംബവുമായി മോവാബ് ദേശത്തേക്കു പാലായനം ചെയ്യുന്ന ഒരു കാഴ്ച. ഒരു പക്ഷെ എലീമേലേക് ചിന്തിച്ചു കാണും മോവാബിൽ അവർക്കു വേണ്ടുന്ന നന്മകൾ ലഭിക്കും എന്ന് . ആ പ്രതീക്ഷയിൽ ആയിരിക്കാം അവർ അങ്ങോട്ട് കടന്നു പോയത് . എന്നാൽ സംഭവിച്ചതോ അവിടെ ചെന്നതിനു ശേഷം വളരെ പെട്ടെന്ന് തന്നെ ആ കുടുംബത്തിന്റെ നാഥനായ എലീമേലേക് മരിക്കുവാൻ ഇടയായി തീർന്നു . അതിനു ശേഷം അവരുടെ രണ്ട് ആൺമക്കളായ മഹ്ലോനും കില്ല്യോനും മോവാബിയ സ്ത്രീകളായ രൂത്തിനെയും ഓർപ്പായേയും വിവാഹം കഴിപ്പാൻ ഇടയായി . എന്നാൽ ചില നാളുകൾക്കു ശേഷം നവോമിക്ക് തന്റെ രണ്ട് ആണ്മക്കളെയും നഷ്ടപ്പെടുവാൻ ഇടയായി തീർന്നു.അവരുടെ കുടുംബത്തിലെ രണ്ടാമത്തെ ഈ നഷ്ടം അവർക്കു താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. അവരുടെ ജീവിതം വളരെ കഷ്ടതയിൽ ആയി തീർന്നു. കണ്ണുനീരിന്റെ ദിനങ്ങൾ ആയിരുന്നു അതൊക്കെയും. അവർ പ്രതീക്ഷിച്ചത് ഒന്ന് എന്നാൽ സംഭവിച്ചതോ മറ്റൊന്ന് ആയിരുന്നു . അത് അവരുടെ പ്രതീക്ഷക്കും അപ്പുറത്തായിരുന്നു. പ്രിയ ദൈവ മക്കളെ നമ്മുടെ ജീവിതത്തിലും പലപ്പോളും ഇങ്ങിനെ സംഭവിക്കാറില്ലേ , അല്ലെങ്കിൽ സംഭവിച്ചിട്ടില്ലേ . അതല്ലേ സത്യം . നാം ആഗ്രഹിക്കുന്നത് ഒന്ന് , എന്നാൽ സംഭവിക്കുന്നത് മറ്റൊന്ന് . എന്ത് കൊണ്ടെന്നാൽ ജീവിതത്തിൽ പ്രതികൂലങ്ങൾ കടന്നു വരുമ്പോൾ മാനുഷികമായ രീതിയിൽ ഒരു തീരുമാനം എടുക്കുന്നതിനു മുൻപേ അൽപ്പം ഒന്ന് വെയിറ്റ് ചെയ്തു ക്ഷമയോടെ ദൈവ ഹിതത്തിനു വേണ്ടി നമ്മെ ഒന്ന് ഏൽപ്പിച്ചു കൊടുത്താൽ നമ്മുടെ പ്രതീക്ഷകൾക്ക് അപ്പുറം നമ്മെ ജയത്തോടെ നടത്താൻ നമ്മുടെ ദൈവത്തിനും കഴിയും.
അങ്ങിനെ ചെയ്താൽ നമ്മോടുള്ള ദൈവിക വാഗ്ദത്തങ്ങൾ തക്ക സമയത്തു ദൈവം നമ്മുടെ കരങ്ങളിൽ തരുവാൻ ഇടയായി തീരും, അതിനു ശേഷം നാം കാണുന്നത് നവോമി തന്റെ മരുമക്കളായ രൂത്തിനോടും ഓർപ്പയോടും തങ്ങളുടെ സ്വന്ത ഭവനത്തിൽ മടങ്ങി പൊയ്ക്കോളാൻ ആവിശ്യപ്പെടുന്നതാണ് . എന്നാൽ ഓർപ്പആദ്യം വിസമ്മതിച്ചെങ്കിലും ഒടുവിൽ അവളെ ചുംബിച്ചു പിരിഞ്ഞു സ്വന്തം ഭവനത്തിലേക്ക് യാത്ര ആയി. എന്നാൽ രുത്തോ അവളെ വിട്ടു പിരിയാതെ അവളോട് പറ്റി നിൽക്കുവാൻ ഇടയായി . പിന്നീട് നവോമിയും രൂത്തും തിരികെ ബെത്ലെഹെമിലേക്കു മടങ്ങി പോയി. അതിനു ശേഷം രൂത്ത്,എലീമേലെക്കിന്റെ ചര്ച്ചക്കാരനായ ബോവസിന്റെ വയലിൽ കാല പെറുക്കുവാനായി കടന്നു പോകുന്നു . എന്നാൽ അവിടെ നമുക്ക് കാണുവാൻ കഴിയുന്നത് ദൈവത്തിന്റെ ഒരു പ്രത്യേക കരുതലും സംരക്ഷണവും രൂത്തിനു ലഭിക്കുന്നതാണ്.
അദ്ധ്യായം – 2 :11
ബോവസ് അവളോട് : നിന്റെ ഭർത്താവു മരിച്ച ശേഷം അമ്മാവിയമ്മക്ക് നീ ചെയ്തിരിക്കുന്നതും, നിന്റെ അപ്പനെയും, അമ്മയെയും സ്വദേശത്തെയും വിട്ടു മുമ്പേ അറിയാത്ത ജനത്തിന്റെ അടുക്കൽ വന്നിരിക്കുന്നതുമായ വിവരമൊക്കെയും ഞാൻ കേട്ടിരിക്കുന്നു.
ഈ ഭാഗം വായിക്കുമ്പോൾ രൂത്തിനു ഭർത്താവു നഷ്ടപ്പെട്ട ശേഷം അവൾ അമ്മാവിയമ്മക്ക് ഒരു തണൽ ആയി കൂടെ നിൽക്കുന്നതും അവളോടൊപ്പം അവളെ അറിയാത്ത ജനത്തിന്റെ അടുക്കൽ വന്നിരിക്കുന്നതും നമുക്ക് കാണാൻ കഴിയുന്നു. പ്രിയരേ ഇവിടെ രൂത്തിന്റെ സമർപ്പണവും ദൈവത്തിൽ ഉള്ള പൂർണ്ണ ആശ്രയവും ആണ് കാണുന്നത് . പ്രിയ സഹോദരങ്ങളെ നാമും ദൈവത്തിൽ പൂർണ്ണമായി ആശ്രയിച്ചാൽ ദൈവം നമ്മെയും കരുതും എന്നുള്ളതിന് സംശയം ഇല്ല. മനുഷ്യരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലതെന്നു ദൈവത്തിന്റെ വചനം നമ്മെ പഠിപ്പിക്കുന്നു.
അദ്ധ്യായം 2 :12
നിന്റെ പ്രവർത്തിക്കു യഹോവ പകരം നൽകട്ടെ. യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻ കീഴെ ആശ്രയിച്ചു വന്നിരിക്കുന്ന നിനക്ക് അവൻ പൂർണ്ണ പ്രതിഫലം തരുമാറാകട്ടെ എന്നുത്തരം പറഞ്ഞു.
ഇവിടെ 12 – ആം വാക്യത്തിൽ രൂത്തിനോടുള്ള ബോവസിന്റെ മറുപടിയാണ് കാണുന്നത്. അവൾ ദൈവത്തിൽ ആശ്രയിച്ചു വന്നത് കൊണ്ട് പൂർണ്ണ പ്രതിഫലം ലഭിക്കട്ടേ എന്ന് ബോവസ് പറയുന്നതായി കാണുന്നു.
അദ്ധ്യായം 2 :15 ,16 ,17
അവൾ പെറുക്കുവാൻ എഴുന്നേറ്റപ്പോൾ ബോവസ് തന്റെ ബാല്യക്കാരോട് :അവൾ കറ്റകളുടെ ഇടയിൽ തന്നെ പെറുക്കിക്കൊള്ളട്ടെ, അവളെ ഉപദ്രവിക്കരുത്. പെറുക്കേണ്ടതിനു അവൾക്കായിട്ടു കറ്റകളിൽ നിന്ന് വലിച്ചിട്ടേക്കണം. അവളെ ശകാരിക്കരുത് എന്ന് കൽപ്പിച്ചു . ഇങ്ങിനെ അവൾ വൈകുന്നേരം വരെ പെറുക്കി . പെറുക്കിയത് മെതിച്ചപ്പോൾ ഏകദേശം ഒരു പറ യവം ഉണ്ടായിരുന്നു.
ഇവിടെ 15 -ആം വാക്യത്തിലേക്കു വരുമ്പോൾ കാണുന്നത് രൂത്തിനു വേണ്ടിയുള്ള ദൈവത്തിന്റെ കരുതൽ ആണ് . അവൾക്കു പെറുക്കാൻ കറ്റകൾ വലിച്ചിട്ടേക്കുവാൻ ബോവസ് തന്റെ ബാല്യക്കാരോട് കൽപ്പിക്കുന്നു . ദൈവം എത്ര വലിയവൻ . നമുക്ക് വേണ്ടി ഇന്നും ചിലരോട് കൽപ്പിക്കാൻ അധികാരമുള്ള ദൈവം. ഏലീയാവിനു കാക്കയെ കൊണ്ട് അപ്പത്തെ കൊടുത്ത ദൈവം നമ്മെയും കരുതാൻ ശക്തൻ അത്രേ . അങ്ങിനെ വൈകുന്നേരം വരെ രൂത്ത് അവൾക്കു വേണ്ടി വലിച്ചിട്ടിരുന്ന കറ്റയിൽ നിന്നും പെറുക്കുകയും, മാത്രമല്ല ലഭിച്ച ഒരു പറ യവം വീട്ടിൽ കൊണ്ട് പോയി നവോമിയുടെ കയ്യിൽ കൊടുക്കാനും ഇടയായി തീർന്നു .ക്ഷാമകാലത്തു നമ്മെ ക്ഷേമമായി പോറ്റുന്ന ഒരു നല്ല ദൈവത്തെ ആണ് നാം സേവിക്കുന്നത് എന്ന് നാം മറന്നു പോകരുത്.
അദ്ധ്യായം 3 :1 ഇൽ രൂത്തിനു വേണ്ടി ഒരു വിശ്രാമ സ്ഥലം അന്വേഷിക്കുന്ന നൊവൊമി. അവൾ പറഞ്ഞ പ്രകാരം ഒക്കെ രൂത്ത് ചെയ്യുവാനിടയായി . അങ്ങിനെ മഹ്ലോന്റെ ഭാര്യ മോവാബിയ സ്‌ത്രീ രൂത്തിനു ബോവസിനെ വീണ്ടെടുപ്പുകാരനായി ലഭിച്ചു. രൂത്ത് ബോവസിന്റെ ഭാര്യ ആയി തീർന്നു . ഒരിക്കൽ ബോവസിന്റെ വയലിൽ കാല പെറുക്കാൻ വന്ന രൂത്ത് ഇപ്പോൾ ആ വയലിന്റെ ഉടമസ്ഥ ആയി തീരുവാൻ ദൈവം സഹായിച്ചു. അവന്റെ സകല സ്വത്തിനും അവൾ അവകാശിയായി തീർന്നു. അത് പോലെ പ്രിയ ദൈവ മക്കളെ നമ്മുടെ കർത്താവു അവന്റെ സ്വന്ത രക്തം കൊടുത്തു നമ്മെ വീണ്ടെടുത്തിരിക്കയാൽ സ്വർഗ്ഗത്തിലെ സകല ആത്മിക അനുഗ്രഹങ്ങൾക്കും നമ്മൾ അവകാശികൾ ആണ്.
ഈ അദ്ധ്യായം വായിച്ചപ്പോൾ എന്നെ ഇങ്ങിനെ ചിന്തിപ്പിക്കുവാൻ ഇടയായി. ഒരു പക്ഷെ ആ ക്ഷാമം ഉണ്ടായ സമയത്തു എലീമേലെകും കുടുംബവും മോവാബിലേക്കു പോകാതെ അവിടെ തന്നെ നിന്നിരുന്നെങ്കിൽ ഈ പ്രാണ നഷ്ടങ്ങൾ ഒന്നും അവർക്കു ഉണ്ടാകില്ലായിരുന്നു. അതിനാൽ നൊവൊമിക്കു ഭർത്താവിനെയും രണ്ട് മക്കളെയും നഷ്ടപ്പെടുവാൻ ഇടയായി തീർന്നു . ദൈവ വഴി വിട്ടു ഇടത്തോട്ടോ വലത്തോട്ടോ നാം വ്യതിചലിക്കാൻ ദൈവം ആഗ്രഹിക്കുന്നില്ല. നമ്മുടെ വിശ്വാസ പടകിലും കാറ്റും തിരമാലയും ഒക്കെ ആഞ്ഞടിക്കുമ്പോൾ നാം പതറി പോകാതെ നമ്മുടെ വീണ്ടെടുപ്പുകാരനായ കർത്താവിന്റെ കരങ്ങളിൽ നമ്മെ പൂർണ്ണമായി സമർപ്പിക്കുകയും അവന്റെ ചിറകിൻ കീഴിൽ നമുക്ക് ആശ്രയിക്കുകയും ചെയ്യാം. ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.
Author : സിസ്റ്റർ ഷീജാ ജെയിംസ്