എന്റെ അനുഭവ സാക്ഷ്യം (സിസ്റ്റർ ഷീജാ ജെയിംസ്)

1968 ഏപ്രിൽ മാസം 25 നു കോട്ടയം ജില്ലയിൽ താഴത്തങ്ങാടി എന്ന സ്ഥലത്തു തൈപ്പറമ്പിൽ (ഓർത്തഡോൿസ് ) കുടുംബത്തിൽ ജോസേഫിന്റെയും പൊന്നമ്മയുടെയും മൂന്നാമത്തെ മകളായി ജനിച്ചു. എനിക്ക് മൂന്നു സഹോദരിമാരും ഒരു സഹോദരനും ഉണ്ട്. എന്റെ പിതാവ് വളരെ കലാവാസന ഉള്ള ഒരു ആളായിരുന്നു. നന്നായി ഫുല്ലാംകുഴൽ(FLUIT ) വായിക്കുമായിരുന്നു. അന്നത്തെ പത്താം ക്ലാസ് പാസ്സ് ആയ എന്റെ പിതാവ് ഒരു സ്കൂളിൽ ജോലി ലഭിച്ചിട്ടും കലയോടുള്ള താല്പര്യം കൊണ്ട് മീനച്ചൽ ആറിൽ കൂടി ഒഴുകി വന്ന ഈറയുടെ തണ്ടു ഉപയോഗിച്ച് ഒരു ഫുല്ലാംകുഴൽ ഉണ്ടാക്കി വായിച്ചു തുടങ്ങി. എന്നും വീടിൻ്റെ വരാന്തയിൽ ഇരുന്ന് ഫുല്ലാംകുഴൽ വായിക്കുന്ന പതിവുണ്ടായിരുന്നു. അതു വഴി വരാറുള്ള കായംകുളം KPAC  നാടകസമിതിയുടെ  വാനിൽ ആരുടെയോ ശ്രദ്ധയിൽ ഇത് പെടുകയും ഒരു ദിവസം അവർ വാഹനം നിർത്തി എന്റെ പിതാവിനെ കണ്ടു സംസാരിക്കുകയും ചെയ്തു. അന്ന് തന്നെ വീട്ടിൽ ആരോടും അനുവാദം വാങ്ങാതെ എന്റെ പിതാവ് അവരുടെ കൂടെ പോയി. പിന്നീട് വീട്ടിൽ വിവരം അറിയിക്കുകയുണ്ടായി. അന്ന് മുതൽ എന്റെ പിതാവ് KPAC യിൽ  FLUITIST ആയി. കൂടാതെ അഭിനയത്തിലും മികച്ച  പ്രാവീണ്യം ഉണ്ടായിരുന്നതു കൊണ്ട് അവർ പിന്നീട് പിതാവിനെ പ്രധാന നടനായി തെരഞ്ഞെടുത്തു. 40 വർഷം KPAC യിലെ മികച്ച നടനും FLUITISTUM ആയിരുന്നു. പിതാവിന്റെ കലാവാസനകൾ മക്കളിലും ഉണ്ടായിരുന്നു എങ്കിലും അതിലേക്കു തിരിച്ചു വിടാതെ  ഞങ്ങളുടെ കഴിവുകൾ ഒക്കെ സ്കൂളുകളിലും കോളേജുകളിലു ഫെസ്റ്റിവൽ പ്രോഗ്രാമിലും ഒക്കെ വിനിയോഗിക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. നന്നായി പാടുമായിരുന്ന എനിക്ക് ബികോം ഫസ്റ്റ് ഇയർ വരെ എല്ലാ വർഷവും ലളിതഗാന മത്സരത്തിൽ ഒന്നാം സമ്മാനം നേടുവാൻ കഴിഞ്ഞിട്ടുണ്ട് പിതാവിന്റെ തുച്ഛമായ വരുമാനം കൊണ്ട് അഞ്ചു മക്കൾക്കും നല്ല വിദ്യാഭ്യാസം നൽകി തരികയും നാലു പെൺ മക്കളെയും വളരെ ചെറു പ്രായത്തിൽ തന്നെ വിവാഹം കഴിപ്പിച്ചു അയക്കാനും സ്വർഗ്ഗത്തിലെ ദൈവം സഹായിച്ചു . ഏകദേശം ആറു വയസു വരെ എൻറെ ബാല്യം കോട്ടയത്ത് ആയിരുന്നു. പിന്നീട് എന്റെ മാതാവിന്റെ സ്ഥലമായ കൊല്ലം ജില്ലയിൽ ചീരൻകാവിനടുത്തു കാരുവേലിൽ എന്ന സ്ഥലത്തു വന്നു താമസിക്കാൻ ഇടയായി.. ഒന്നാം ക്ലാസ്സ് മുതൽ ബി.കോം ഫസ്റ്റ് ഇയർ വരെ അവിടെ വിദ്യാഭ്യാസം ചെയ്തു .ഓർത്തഡോൿസ് പള്ളി കുറച്ചു ദൂരെ ആയിരുന്നത് കൊണ്ട് എന്റെ സൺ‌ഡേ സ്കൂൾ പഠനം പത്താം ക്ലാസ് വരെ അസ്സെംബ്ലിസ് ഓഫ് ഗോഡ് പള്ളിയിൽ ആയിരുന്നു. അതിനാൽ എല്ലാ കൺവെൻഷനുകളിലും പോകാറുണ്ടായിരുന്നു .

ഡിഗ്രി ഫസ്റ്റ് ഇയർ എക്സാം നടന്നു കൊണ്ടിരിക്കുമ്പോൾ ആണ് ഒരു നേഴ്സ് ആകുവാൻ ജീവിതത്തിൽ ഒത്തിരി ആഗ്രഹിച്ച എന്നെ എന്റെ മൂത്ത സഹോദരി ബോംബയിലുള്ള നാനാവതി ഹോസ്പിറ്റലിലേക്ക് ഇന്റെർവ്യൂന് വേണ്ടി കൊണ്ട് പോയി. അന്ന് ഇന്റർവ്യൂ പാസ്സ് ആയെങ്കിലും ചില റെക്കമണ്ടേഷൻ മൂലം എനിക്ക് പകരമായി മറ്റൊരു ആളിനെ സെലക്ട് ചെയ്തു . അത് എന്റെ ജീവിതത്തിൽ വളരെ വേദനയായി തീർന്നു. നാട്ടിൽ തിരിച്ചു പോകാൻ ഉള്ള പ്രയാസം കൊണ്ട് വീണ്ടും ബോംബയിൽ ഉള്ള SNDT യൂനിവേഴ്സിറ്റിയിൽ ബികോമിന് ചേരുകയും മൂന്നു വർഷം ജോലിയോടൊപ്പം എൻെറ വിദ്യാഭ്യാസം പൂർത്തീകരിക്കുകയും ചെയ്തു .

ആ സമയത്തു ആണ് എനിക്ക് വിവാഹാലോചന വരുന്നതും പത്തനംതിട്ട ജില്ലയിൽ നെടുമൺകാവിൽ ഉള്ള ജോണിന്റെയും തങ്കമ്മയുടെയും മകൻ ജെയിംസ് ജോണും ആയുള്ള എന്റെ വിവാഹം 1990 ജൂലൈ മാസം ഇരുപത്തിമൂന്നാം തീയതി നടക്കുവാൻ ഇടയായി. വിവാഹത്തിന് ശേഷം 1991 സെപ്റ്റംബർ 7 ന് ആദ്യത്തെ ഒരു പെൺകുഞ്ഞിനെ ദൈവം ദാനമായി നൽകി. കുഞ്ഞിന് ഒരു വയസായപ്പോൾ കൂട്ടാളി റിയാദിലേക്കു പോയതിനാൽ എനിക്ക് നാട്ടിലേക്കു മടങ്ങി പോകേണ്ടി വന്നു. പിന്നെ കുറെ നാൾ കമ്പ്യൂട്ടർ പഠനത്തിന് ശേഷം നാട്ടിൽ ജോലി ചെയ്തു. ആ സമയത്താണ് രണ്ടാമത്തെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നത്. എന്നാൽ ആ സമയത്തു മൂത്ത കുഞ്ഞു ചില രോഗത്തിന്റെ അവസ്ഥയിൽ കൂടി കടന്നു പോയി. എന്റെ ഡെലിവെറിയുടെ രണ്ട് ദിവസം മുന്നെ മോളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചില പരിശോധനകൾക്കായി കൊണ്ട് പോയി . പരിശോധനക്കു ശേഷം EEG റിപ്പോർട്ട് നോർമൽ അല്ലെന്നും , എപിലെപ്സി യുടെ മെഡിസിൻ സ്റ്റാർട്ട് ചെയ്യുകയും ചെയ്തു . പിന്നെയുള്ള വർഷങ്ങൾ കുഞ്ഞു ഒത്തിരി പ്രയാസങ്ങളിൽ കൂടി കടന്നു പോകേണ്ടി വന്നു. 1996 സെപ്റ്റംബർ 11 ന് രണ്ടാമത്തെ മകൾ ജനിച്ചു . മൂത്ത കുഞ്ഞു മറ്റു കുഞുങ്ങളുമായി ചേർന്ന് പോകുവാൻ വളരെ ബുദ്ധിമുട്ടായതിനാൽ ഒരു മാസം കൊണ്ട് ഒരു വീട് പണിയുകയും അതിലേക്കു താമസം മാറുകയും ചെയ്തു. പത്താം ക്ലാസ് വരെ വിവിധ സ്കൂളുകളിൽ അയി വിദ്യാഭ്യാസം നൽകാനേ കഴിഞ്ഞുള്ളു, മെഡിസിൻറെ സൈഡ് എഫക്ട് കാരണം ക്ലാസ്സിൽ തുടർച്ചയായി പോകുവാൻ കഴിയുമായിരുന്നില്ല. അങ്ങിനെ എനിക്ക് കുഞ്ഞിനോടുള്ള ബന്ധത്തിൽ ദൈവവുമായി കൂടുതൽ അടുക്കുവാൻ തുടങ്ങി.

2001 ഒക്കെ ആയപ്പോൾ വീട്ടിൽ ഒരു പ്രയർ ഗ്രൂപ്പ് തുടങ്ങുവാൻ ദൈവം സഹായിച്ചു. എല്ലാ ചൊവ്വാഴ്ചയും വീട്ടിൽ വെച്ച് പ്രയർ നടത്തുവാൻ തുടങ്ങി. അനേകർ കടന്നു വന്നു ആത്മാവിൽ ആരാധിച്ചു. ആ സമയത്തൊക്കെ എനിക്ക് കത്തോലിക്ക പള്ളിയിൽ പോകാൻ ഇഷ്ടമില്ലാരുന്നു. പല പ്രയർ ഗ്രൂപുകളിൽ  കടന്നു പോകാൻ തുടങ്ങി. ദൈവം എന്റെ ആത്മീക ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തി തുടങ്ങിയിരുന്നു. 2002 ഇൽ ആയൂരിൽ നടന്ന ഒരു പ്രയർ ഗ്രൂപ്പിൽ വെച്ച് യേശുവിനെ എന്റെ രക്ഷിതാവായി സ്വീകരിക്കയും അന്ന് തന്നെ അഭിഷേകം പ്രാപിക്കുകയും ചെയ്തു . പിന്നീട് കാതോലിക്കാ പള്ളിയിൽ പോയിട്ടില്ല. എന്നാൽ ആഭരണം ഊരുന്നതിനോട് എനിക്ക് ഒട്ടും താൽപ്പര്യം ഇല്ലായിരുന്നു. 1999 ഇൽ കൂട്ടാളി  . ദോഹയിൽ ജോലിക്കായി കടന്നു വന്നു . അത് കഴിഞ്ഞിട്ട് ചില വര്ഷങ്ങള്ക്കു ശേഷം എനിക്ക് കൂട്ടാളിയുടെ ഒരു എഴുത്തു വന്നു. അതിലെ ഉള്ളടക്കം ഇങ്ങിനെ ആയിരുന്നു. ഈ മാസം ഇന്ന തീയതിയിൽ സ്നാനപ്പെടുവാൻ ആഗ്രഹിക്കുന്നു. ആ കത്ത് വായിച്ച എന്റെ ഹൃദയം തകർന്നു പോയി. കാരണം എനിക്ക് എന്റെ ആഭരണങ്ങൾ ഒക്കെ ഊരേണ്ടിവരുമല്ലോ  എന്നുള്ള ടെൻഷൻ ആയിരുന്നു ഉണ്ടായിരുന്നത്. ഓരോ ഡ്രെസ്സിനും മാച്ച് ചെയ്യുന്ന ഒർണമെന്റ്സിന്റെ ഫുൾ സെറ്റ്.

എനിക്കുണ്ടായിരുന്നു. ഒത്തിരി ഫാഷൻ  ആയി നടന്ന ഒരു വ്യക്തി ആയിരുന്നു. ഈ ലെറ്റർ വായിച്ചപ്പോൾ ഇനി എനിക്ക് ജീവിക്കേണ്ട എന്ന് തീരുമാനിച്ചു. മൂത്ത കുഞ്ഞു സ്കൂളിൽ പോയിരുന്നു. രണ്ടാമത്തെ കുഞ്ഞു തൊട്ടിലിൽ ഉറങ്ങി കിടക്കുന്നു. ഉടനെ ഒരു പുതിയ ബ്ലേഡ് അലമാരയിൽ നിന്നും കയ്യിൽ എടുത്തു വെയ്ൻ കട്ട് ചെയ്യുവാനായി ഒരുങ്ങി. എല്ലാവരുടയും ഫോട്ടോസ് എടുത്തു പല പ്രാവിശ്യം നോക്കി. എന്റെ കുഞ്ഞുങ്ങളുടെ ഫോട്ടോ ഒത്തിരി പ്രാവിശ്യം കണ്ടു കരഞ്ഞു . എന്നാൽ എന്തായാലും മരിക്കാൻ പോകുവല്ലേ കൂട്ടാളിയെ ഒന്ന് ഫോണിൽ വിളിച്ചു ആ ശബ്ദം ഒന്ന് കേട്ടിട്ടു മരിക്കാമെന്നു വെച്ച് അദ്ദേഹത്തെ ഫോൺ വിളിച്ചു . അദ്ദേഹം ഫോൺ എടുത്തു. എന്റെ ചോദ്യം ഇതായിരുന്നു സ്നാനപ്പെടുവാൻ പോകുവാണോ  എന്ന്.

എന്നാൽ എന്റെ കൂടാളി വളരെ പ്രാർത്ഥിക്കുന്ന ഒരു വ്യക്തി

ആയിരുന്നത് കൊണ്ട് ഒരു നിമിഷം ഒന്നും പറഞ്ഞില്ല. അദ്ദേഹം പറഞ്ഞു ഇല്ല . നിന്റെ മനസ് ഒന്ന് അറിയാൻ വേണ്ടി വെറുതെ അങ്ങിനെ എഴുതിയതാണെന്ന് പറഞ്ഞു. അതെന്നെ ആശ്വസിപ്പിച്ചു . പെട്ടെന്ന് തന്നെ ബ്ലേഡ് താഴെ വെച്ച് ആ ഉദ്യമത്തിൽ നിന്നും പിന്മാറുകയും ചെയ്തു.  പ്രിയരേ ഒരു പക്ഷെ അന്ന് അദ്ദേഹം സത്യംപറഞ്ഞിരുന്നെങ്കിൽ ഇന്ന് ഈ ഭൂമിയിൽ എന്നെ ജീവനോടെ കാണില്ലായിരുന്നു. എന്നാൽ എന്റെ കൂട്ടാളി  സ്നാനപ്പെട്ടു കഴിഞ്ഞിട്ടായിരുന്നു ആ ലെറ്റർ എഴുതിയത്. ദൈവത്തിനു മഹത്വം. ദൈവത്തിനു എന്നിലൂടെ നിറവേറുവാൻ ഉള്ള പദ്ധതികൾ അനവധി ഉണ്ടായിരുന്നത് കൊണ്ട് ദൈവം എന്നെ മരണത്തിൽ നിന്നും വിടുവിച്ചെന്നു വിശ്വസിക്കുന്നു .

അതിനു ശേഷം 2002 ഇൽ എന്നെ ദോഹയിലേക്ക് കൊണ്ട് പോയി. പഴയ പള്ളിയുടെ ഗസ്റ്റ് റൂമിൽ ആരുന്നു രണ്ട് ദിവസം താമസം. ഈദിന്റെ സമയം ആയിരുന്നത് കൊണ്ട് എന്നും പ്രയർ ഉണ്ടായിരുന്നു. ഇവിടെ വന്നപ്പോൾ ഒത്തിരി ഓർണമെന്റ്സ് എന്റെ കയ്യിൽ ഉണ്ടായിരുന്നു. എയർപോർട്ടിൽ എന്നെ കൂട്ടിക്കൊണ്ടുപോകാൻ കൂട്ടാളിയും പിഎം ജോർജ് പാസ്റ്ററും ആണ് വന്നത് . പാസ്റ്ററിന്റെ ഭവനത്തിൽ ആയിരുന്നു എന്റെ ആദ്യത്തെ ലഞ്ച്. പാസ്റ്റർ കുരിയൻ സാമുവേലും കുടുംബവും എല്ലാം കൂടി ഒരുമിച്ചു ആണ് ലഞ്ച് കഴിച്ചത് . അതിനു ശേഷം കൂടാളി സാധനങ്ങൾ ഷിഫ്റ്റ് ചെയ്യുവാൻ കമ്പനിയിലേക്ക് പോയി. എന്നെ ഗസ്റ്റ് റൂമിൽ കൊണ്ട് വിട്ടു. അപ്പോൾ ബാഗിൽ നിന്നും ഒരു ആൽബം കണ്ടു. അത് മറിച്ചു നോക്കിയപ്പോൾ പാസ്റ്റർ കുരിയൻ സാമുവേൽ കൂട്ടാളിയെ സ്നാനപ്പെടുത്തുന്ന ഒരു ഫോട്ടോ കണ്ടു. എനിക്ക് അത് കണ്ടിട്ട് ഒട്ടും സഹിക്കാൻ പറ്റിയില്ല . ഇന്ന് അദ്ദേഹം വരുമ്പോൾ വഴക്കു ഉണ്ടാക്കണം എന്ന ഒറ്റ ചിന്തയിൽ ഇരുന്നു. എന്നാൽ അദ്ദേഹം  വന്നപ്പോൾ എനിക്ക് ഒന്നും ചോദിക്കാനോ പറയാനോ പറ്റുന്നില്ലാരുന്നു. എന്റെ നാവു പൊങ്ങുന്നില്ല ഒന്നും ചോദിയ്ക്കാൻ. വീണ്ടും സാധനങ്ങൾ എടുക്കാൻ പോയി. പോയപ്പോൾ എന്നോട് പറഞ്ഞു ഇന്ന് വൈകിട്ട് പ്രയർ ഉണ്ട് . നിനക്ക് മനസുണ്ടെകിൽ വരണം എന്ന് പറഞ്ഞു കടന്നു പോയി . ഒന്നും മറുപടി പറഞ്ഞില്ല . എന്നാൽ പോകില്ലെന്ന് തീരുമാനിച്ചു. അഞ്ചു മണി ആയപ്പോൾ കുളിച്ചു ഒരുങ്ങി തനിയെ പള്ളിയിൽ പോയി ഇരുന്നു. അദ്ദേഹം വന്നപ്പോൾ എന്നെ കാണുന്നില്ല . ആകെ വിഷമിച്ചു . കുരിയൻ പാസ്റ്ററിനോട് ഈ വിവരം ചെന്ന് പറഞ്ഞു . അവർ എന്നെ തിരയുവാൻ നോക്കി . അവസാനം പള്ളിയുടെ വാതിൽ തുറന്നു നോക്കിയപ്പോൾ ഏറ്റവും മുന്നിൽ ഒറ്റയ്ക്ക് എന്നെ അവർ കണ്ടു . അവർക്ക് ആശ്വാസമായി . പ്രിയരേ എന്നെ ഗസ്റ്റ് റൂമിൽ നിന്നും ആരോ പിടിച്ചു ആലയത്തിൽ കൊണ്ട് ഇരുത്തിയ അനുഭവം ആയിരുന്നു എനിക്ക്. ദൈവം എത്ര നല്ലവൻ . ദൈവമാണ് എന്നെ കൊണ്ട് പോയതെന്ന് വിശ്വസിക്കുന്നു . അന്ന് ബൈബിൾ സ്റ്റഡി ഉണ്ടായിരുന്നു . ഒരു ക്രിസ്ത്യാനി ആയിട്ട് അത്രയും വര്ഷം ജീവിച്ചിട്ടും സ്നാനത്തെ പറ്റി ഒരു ക്ലാസ് ആദ്യമായിട്ടാണ് കേൾക്കുന്നത് . അന്ന് തന്നെ സ്നാനം ആവിശ്യമാണെന്നു എനിക്ക് ബോധ്യമായി . എന്നാൽ ആഭരണം മാറ്റാൻ എനിക്ക് ഇഷ്ടമില്ലായിരുന്നു .പിന്നീട് തുടർമാനമായി ഓരോ പ്രയറിലും ബൈബിൾ സ്റ്റഡി ഉണ്ടായിരുന്നു . എന്റെ ജീവിതത്തെ മാറ്റി മറിച്ച ദിവസങ്ങൾ ആയിരുന്നു ആ ദിനങ്ങൾ . പ്രിയ സഹോദരങ്ങളെ അങ്ങിനെ  ഡിസംബർ 28 ന് രാത്രിയിൽ കൂട്ടാളി എന്നോട് പറഞ്ഞു ഇന്ന് ദൈവം നിന്നെ തൊടുമെന്നു.എന്റെ മറുപടി ഇതായിരുന്നു പിന്നെ എന്നെയോ, എന്നെയൊന്നും തൊടില്ലെന്നു പറഞ്ഞു കിടന്നുറങ്ങി . കൂട്ടാളി മുഴങ്കാലിൽ ഇരുന്നു പ്രാർത്ഥിക്കുന്നത് കണ്ടിട്ടാണ് കിടന്നതു . അന്ന് രാത്രിയിൽ ഒരു ദര്ശനം കാണുവാൻ ഇടയായി.  നല്ല നീളം ഉള്ള ഒരു ആൾ എന്നെ കാണാൻ വന്നു . കൂടാളി പറഞ്ഞു നിന്നെ കാണാൻ വന്നതാണെന്ന് . എന്നിട്ടു അദ്ദേഹം പോയി . മുഖം കണ്ടില്ല . വന്ന ആൾ പോക്കറ്റിൽ നിന്നും ഒരു ചെറിയ കത്തി എടുത്തു എൻെറ വയറ്റിൽ വെച്ചു . എന്നിട്ടു ചോദിച്ചു സ്നാനപ്പെടാമോയെന്നു . ഇല്ലെന്നു പറഞ്ഞു, പിന്നെയും ആ കത്തി എന്റെ ചെസ്റ്റിൽ വെച്ചിട്ടു ചോദിച്ചു സ്നാനപ്പെടാമോയെന്നു. ഇല്ലെന്നു ഉറക്കെ പറഞ്ഞു . മൂന്നാമത്തെ പ്രാവിശ്യം ആ കത്തി എന്റെ കഴുത്തിൽ വെച്ചിട്ടു ചോദിച്ചു സ്നാനപ്പെടാമോയെന്നു . പെട്ടെന്ന് ഉറക്കെ പറഞ്ഞു സ്നാനപ്പെടാമെ എന്നെ കൊല്ലല്ലേ എന്ന് . പെട്ടെന്ന് ഭയന്ന് ഉണർന്നു നോക്കിയപ്പോൾ സമയം മൂന്ന് മണി   ഇത് ദൈവത്തിന്റെ സന്ദർശനം ആണെന്നും തന്റെ ദൂതനെ അയച്ചതാണെന്നും എനിക്ക് ബോധ്യപ്പെട്ടു . ആ സമയത്തു പേടിച്ചു അകെ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു .എന്നാൽ എന്റെ കൂടാളി ഉറങ്ങാതെ ഈ പറഞ്ഞതെല്ലാം കേട്ടു കൊണ്ട് കിടക്കുകയായിരുന്നു. ഉടനെ തന്നെ ബെഡിൽ നിന്നും താഴെ പായിൽ ഇറങ്ങി  ഇരുന്നു. എന്റെ ആഭരണങ്ങൾ ഒക്കെ ഊരി മാറ്റുവാൻ തുടങ്ങി . കൂട്ടാളി  ഇതൊക്കെ കണ്ടിട്ട് അത്ഭുതപ്പെട്ടു പോയി. കൂടാതെ നാട്ടിൽ നിന്നും കൊണ്ട് വന്ന എല്ലാ ആഭരണങ്ങളും ഒരുമിച്ചു എടുത്തു വെച്ച് പ്രാർത്ഥിച്ചു ദൈവത്തോട് ക്ഷമ ചോദിച്ചു . എന്നിട്ട് ദൈവ കരങ്ങളിൽ എന്നെ പൂർണ്ണമായി സമർപ്പിച്ചു.

എന്നും രാവിലെ ആലയത്തിൽ ഞങ്ങൾ സഹോദരിമാർ കൂടി വന്നു പ്രാർത്ഥിക്കുന്ന പതിവ് ഉണ്ടായിരുന്നു. എന്നും രാവിലെ പോകാറുണ്ടായിരുന്നു. അന്ന് രാവിലെ എന്നെ കണ്ട സഹോദരിമാർ ഒക്കെ അതിശയിച്ചു പോയി . ആഭരണം ഒക്കെ മാറ്റിയ ഒരു പുതിയ ഷീജയെ അവർ കണ്ടു . ദൈവത്തിനു മഹത്വം കൊടുത്തു .

2002 ഡിസംബർ 31 ഇന് വൈകിട്ട്  ഏഴു മണിക്ക് പാസ്റ്റർ കുരിയൻ സാമുവേൽ എന്നെ സ്നാനപ്പെടുത്തി . പിന്നീട് എനിക്ക് ദോഹയിൽ ജോലി ലഭിച്ചു എങ്കിലും ഒരു പെർമനന്റ് വിസ ലഭിച്ചില്ലായിരുന്നു. പത്തു മാസം ദോഹയിൽ ജോലി ചെയ്തതിനു ശേഷം നാട്ടിലേക്കു മടങ്ങി പോയി . എന്റെ വീട്ടിൽ നിന്നും ആദ്യമായി വിശ്വാസത്തിൽ വന്നത് കൊണ്ട് വളരെ എതിർപ്പുകൾ എനിക്ക് നേരിടേണ്ടി വന്നു . ഏന്നാൽ അതൊന്നും എൻറെ വിശ്വാസ ജീവിതത്തെ ബാധിച്ചില്ല . എതിർപ്പുകൾ കൂടുന്തോറും എന്റെവിശ്വാസം വർധിച്ചു വന്നു . ദൈവത്തിൽ മാത്രം ആശ്രയിച്ചു മുന്നോട്ടു പോയി.

 

അങ്ങിനെ പോകുമ്പോൾ 2005 ജൂൺ മാസം കൂട്ടാളി ഒരു ഡിസ്ക് ഓപ്പറേഷന് വിധേയനായി . അതിനായി ചില പരിശോധനകൾ നടത്തിയപ്പോൾ ഹൃദയത്തിനു തകരാറുണ്ടെന്നും സർജറി കഴിയുമ്പോൾ അറ്റാക്ക് ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും ഡോക്ടർ എന്നോട് പറഞ്ഞു. ആകെ  തകർന്നു പോയി അന്ന് . എന്നാൽ സർവ ശക്തനായ  ദൈവം കൂടെ ഇരുന്നു കരം പിടിച്ചത് കൊണ്ട് സർജറി കഴിഞ്ഞു അറ്റാക്ക് ഉണ്ടായെങ്കിലും ദൈവം വിടുവിച്ചു . ദൈവത്തിനു മഹത്വം. ഒരു മാസത്തിനു ശേഷം അദ്ദേഹം മടങ്ങി ദോഹയിൽ വന്നു. എങ്കിലും പ്രയാസങ്ങൾ ഉണ്ടായിരുന്നു . ജോലിക്കു കടന്നു പോകുവാൻ കഴിയാത്ത ഒരു അവസ്ഥ ആയിരുന്നു.എന്നാൽ അദ്ദേഹത്തിന് ഒരു തണലായി സഹായിക്കാൻ 2005 ഡിസംബർ  25 ഇന് ദോഹയിലേക്ക് ദൈവം ഒരു പെർമനന്റ് വിസയിൽ കൊണ്ട് വന്നു . എനിക്ക് ഉടനെ ഒരു ജോലി ലഭിക്കുകയും അത്കൂട്ടാളിക്കു   ഒരു ആശ്വാസം ആകുകയും ചെയ്തു . ഞങ്ങളുടെ രണ്ട് പെൺമക്കളും നാട്ടിൽ ആയിരുന്നു. 2007 ഇൽ കൂട്ടാളിക്കു ജോലി നഷ്ടപ്പെട്ടു .ചില മാസങ്ങൾക്കു ശേഷം ഒരു പുതിയ ജോലിയിൽ പ്രവേശിച്ചു.

എന്നാൽ അത്ഭുതമെന്നു പറയട്ടെ 2008  ഇൽ മൂന്നാമതായി ദൈവം ഒരു ആൺപൈതലിനെ ദാനമായിത്തന്നു .  അത് ഞങ്ങളുടെ ജീവിതത്തിൽ ഒരു അത്ഭുതം ആയിരുന്നു. ഇന്നും അത്ഭുതം തന്നെ .

അതിനു ശേഷം കൂട്ടാളിയുടെ ജോലി വീണ്ടും നഷ്ടപ്പെടുകയും ഏകദേശം എട്ടു വർഷത്തോളം ജോലി ഇല്ലാതെ ഭവനത്തിൽ ആയിരുന്നു. ആ ദിനങ്ങൾ ഞങ്ങളുടെ  ജീവിതത്തിന്റെ കഷ്ടതയുടെയും പ്രയാസത്തിന്റെയും ദിനങ്ങൾ ആയിരുന്നു. എന്നാൽ ആ കാലത്തു ദൈവം എന്റെ മേൽ പുതിയ കൃപകൾ പകരുകയും പുതിയ അഭിഷേകത്താൽ എന്നെ നിറക്കുകയും ചെയ്തത് എനിക്ക് മറക്കാൻ പറ്റില്ല  . ഏകദേശം 12 പാട്ടുകൾ എഴുതാൻ ദൈവം എന്നെ സഹായിച്ചു . ഞങ്ങളുടെ ഓരോ പ്രതികൂലത്തിലും ആ ഗാനങ്ങൾ പാടി ആശ്വസിക്കാൻ ദൈവം സഹായിക്കുന്നു. കൂടാതെ സഹോദരിമാരുടെ മീറ്റിംഗിൽ ഒക്കെ ദൈവ വചനം പറയുവാൻ കർത്താവു എന്നെ ബലപ്പെടുത്തി . എന്റെ സാക്ഷ്യങ്ങൾ അനേകർക്ക്‌ ആശ്വാസം ആയി.

ആ സമയത്തു UK വിസ ആപ്ലിക്കേഷൻ  സെന്റർ ഇൽ എനിക്കൊരു പുതിയ ജോലി പളളിയിലെ ഒരു സഹോദരൻ മുലം ലഭിച്ചു. ആ സമയത്തു രണ്ടാമത്തെ മോളെ ദോഹയിൽ കൊണ്ട് വരികയും സ്കൂളിൽ ചേർക്കുകയും ചെയ്തു . എന്റെ വരുമാനം കൊണ്ട്  ഒന്നിനും തികയാത്ത അവസ്ഥയിൽ കൂടി ഞങ്ങൾ കടന്നു പോയി. ഓരോ ദിവസങ്ങൾ മുന്നോട്ടു കൊണ്ട് പോകാൻ വളരെ പ്രയാസപ്പെടേണ്ടി വന്നു. കുഞ്ഞുങ്ങളുടെ ഫീസ് ,വീട് ചെലവ്,വീടിന്റെ വാടക ,കൂട്ടാളിയുടെ മരുന്നുകൾ ഇതെല്ലം കൂടി എനിക്ക് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. ഫീസ് കൊടുക്കാൻ ലേറ്റ് ആയതിനു മോളെ പല വെട്ടം വെയിലത്ത് ഇറക്കി നിർത്തിയിട്ടുണ്ട്. വീട്ടിലെ കാര്യങ്ങൾ വളരെ പ്രയാസത്തിൽ ആയി . ഒടുവിൽ പലതും ആലോചിച്ചതിനു ശേഷം എന്തെങ്കിലും പാർട്ട് ടൈം ജോലി കൂടി ചെയ്യാമെന്ന് തീരുമാനിച്ചു. പാർട്ട് ടൈം കുക്കിംഗ് ചെയ്യാമെന്ന് തീരുമാനിച്ചു. ഒടുവിൽ  പള്ളിയിലെ ഒരു സഹോദരി ഒരു ഫ്രണ്ടിന്റെ വീട്ടിൽ പാർട്ട് ടൈം കുക്കിംഗ് അറേഞ്ച് ചെയ്തു തന്നു . പിന്നീട് അവരുടെ ബന്ധു വീടുകളിലും ഫ്രണ്ട്സിന്റെ വീടുകളിലും ഒക്കെ എനിക്ക് കുക്കിംഗ് ജോലി കിട്ടി. എന്റെ ഡ്യൂട്ടി ടൈം 8 മുതൽ 6 വരെ ആയിരുന്നെങ്കിലും സീനിയർ സ്റ്റാഫ് ആയതു  കൊണ്ട് 7  വരെ ഒക്കെ ജോലി ഉണ്ടാരുന്നു . പിന്നീടാണ് ഈ പാർട്ട് ടൈമിന് പോകുന്നത്.പ്രിയ സഹോദരങ്ങളെ  രാവിലെ ഓഫീസിൽ പാന്റും ഷർട്ടും ടൈ ഉം കോട്ടും ഒക്കെ ഇട്ടു പോകും . ബാഗിൽ വൈകിട്ട് ഒരു  വീട്ടുജോലിക്കാരിയുടെ (കുക്കിംഗ് ആൻഡ് ക്ലീനിങ്) ജോലിക്കു പോകുവാനുള്ള ഡ്രസ്സ് എടുത്തു വെക്കും. വൈകിട്ട് 7 നു ശേഷം വീട്ടുജോലിക്കും പോകും. എനിക്ക് അത് ചെയ്തു അതിന്റെ ശമ്പളം വാങ്ങുന്നതിനു ഒട്ടും ലജ്‌ജ തോന്നിയിട്ടില്ല . കാരണം ഏതു സാഹചര്യത്തിലും അതിനു അനുസരിച്ചു മുന്നോട്ടു ചുവടു വെക്കാൻ ദൈവം എന്നെ ശീലിപ്പിച്ചു . ഡ്യൂട്ടി കഴിഞ്ഞു ഡ്രസ്സ് ചേഞ്ച് ചെയ്താൽ സ്റ്റാഫ് ചോദിക്കുമല്ലോ എന്ന് കരുതി പോകുന്ന വീട്ടിൽ പോയിട്ടേ ഡ്രസ്സ് മാറുകയുള്ളാരുന്നു . എന്നാൽ എന്നെ യൂണിഫോമിൽ കണ്ടിട്ട് പലരും എന്നെ കൊണ്ട് ജോലി ചെയ്യിക്കാൻ മടിച്ചിട്ടുണ്ട്. കൂകിങ്ങും ക്ലീനിങ്ങും ഡിഷ് വാഷിംഗും ഒക്കെ കഴിഞ്ഞു രാത്രിയിൽ ആണ് മടങ്ങി വീട്ടിൽ എത്തുന്നത്. എന്റെ കൂടാളി വീട്ടിലെ ജോലികളിൽ ഒക്കെ എന്നെ സഹായിക്കാറുണ്ടായിരുന്നു.അതെനിക്കൊരു ആശ്വാസം ആയിരുന്നു. മാത്രമല്ല ജ്ഞാൻ പോകുന്ന ടൈമിൽ  കുഞ്ഞുങ്ങളുടെ കാര്യം ഒക്കെ അദ്ദേഹം ആണ് നോക്കിയിരുന്നത്. കൂടാതെ ഡെലിവറി മസ്സാജ്, ബേബി മസ്സാജ് ഒക്കെ ചെയ്തു ജീവിക്കാൻ ദൈവം എന്നെ പഠിപ്പിച്ചു.

എന്നെ കൊണ്ട് എന്റെ കുടുംബത്തെ എങ്ങിനെയൊക്കെ സഹായിക്കാൻ പറ്റുമോ അങ്ങിനെ ഒക്കെ സഹായിക്കാൻ ദൈവം എന്നെ ബലപ്പെടുത്തി. എനിക്ക് ബാക് പൈൻ ഉണ്ടാരുന്നത് കൊണ്ട് ക്ലീനിങ് ജോലി ഒക്കെ വളരെ പ്രയാസം ആരുന്നു.  എനിക്ക് വേദന വന്നു ഒട്ടും ചെയ്യാൻ വയ്യാതെ വന്ന അവസ്ഥകളിൽ എന്റെ കർത്താവിന്റെ ക്രൂശിലേക്കു നോക്കും.  കർത്താവു എനിക്ക് വേണ്ടി സഹിച്ച പങ്കപ്പാട് ഓർക്കുമ്പോൾ ഇത് സാരമില്ല എന്ന് ദൈവം എന്നോട് പറയും . റൂം ക്ലീൻ ചെയ്യുമ്പോൾ പലപ്പോളും സ്ലിപ് ആയി വീണിട്ടുണ്ട് . എന്നാൽ അവിടെ ഒക്കെ ദൈവം  എന്നെ കരം പിടിച്ചു എഴുന്നേൽപ്പിച്ചു പുതിയ ബലം നൽകിയിട്ടുണ്ട്. ചില ഫ്രൈഡേ യിൽ രണ്ട് വീട്ടിൽ പാർട്ട് ടൈമിന് പോയിട്ടുണ്ട്. പോകുന്ന വീടുകളിൽ നിന്നും കുഞ്ഞുങ്ങൾക്ക് ഡ്രസ്സ്, ഫുഡ് ഐറ്റംസ് ഒക്കെ അവർ തന്നു വിടുമായിരുന്നു. കുഞ്ഞുങ്ങൾ  എന്നെ നോക്കി ഇരിക്കുമായിരുന്നു . ഇപ്പോളും അത് ഓർക്കുന്നുണ്ട് . ദൈവം നടത്തിയ വഴികൾ എത്ര വലിയത് . അവന്റെ ദയ എത്ര വലിയത്. കൂടാതെ പോകുന്ന വീട്ടിൽ നിന്നും ഫുഡ് കഴിക്കാതെ  എന്നെ മടക്കി അയച്ചിട്ടില്ല. ദൈവം അവരെ ഒക്കെ അനുഗ്രഹിക്കട്ടെ. ഏതു വീട്ടിൽ കടന്നു പോയാലും അവർക്കു വേണ്ടി പ്രാർത്ഥിക്കുവാൻ ദൈവം സഹായിച്ചിട്ടുണ്ട്. പിന്നീട് വീട്ടിൽ ഒരു ചെറിയ കാറ്ററിംഗ് സർവീസ് തുടങ്ങി . നമ്മുടെ പള്ളിയിലെ അന്നത്തെ യൂത്ത് മീറ്റിംഗ് ഇന് ഒക്കെ ഫുഡ് ഉണ്ടാക്കി കൊടുക്കാൻ ദൈവം ജങ്ങളെ സഹായിച്ചിട്ടുണ്ട്. ഇതിൽ എല്ലാത്തിലും കൂട്ടാളിയുടെ സഹായം എനിക്കുണ്ടായിരുന്നു. അദ്ദേഹം വളരെ ആഴമായി പ്രാർത്ഥിക്കുന്ന ആൾ  ആയിരുന്നു. എപ്പോളും ആ പ്രാർത്ഥന എനിക്ക് കോട്ട ആയിരുന്നു. വീട്ടിൽ കുഞ്ഞുങ്ങൾ പലപ്പോളും വിശന്നു കരഞ്ഞിട്ടുണ്ട് . എന്നോട് അവർ പറയും മമ്മി വൈകിട്ട് വരുമ്പോൾ എന്തെങ്കിലും വാങ്ങി കൊണ്ട് വരണമെന്ന് പറഞ്ഞു എന്നെ വിടുമ്പോൾ അവരുടെ മുഖത്ത് നോക്കി നിസ്സഹായയായി ഇങ്ങിനെ ദൈവത്തോട് പ്രാർത്ഥിക്കുമായിരുന്നു. ദൈവമേ ഏലീയാവിനു കാക്കയെ കൊണ്ട് അപ്പത്തെ പോഷിപ്പിച്ച ദൈവം എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടിയും കാക്കയെ അയക്കണേയെന്നു . അന്ന് വൈകിട്ട് തന്നെ കുഞ്ഞുങ്ങൾ എന്ത് ആഗ്രഹിച്ചുവോ സെയിം സാധനം കാക്ക കൊണ്ട് തന്നിട്ടുണ്ട് . പ്രിയ ദൈവ മക്കളെ ഇത് ഒരു പ്രാവിശ്യം അല്ല അനവധി പ്രാവിശ്യങ്ങളില് ഇങ്ങിനെ ദൈവം കരുതിയിട്ടുണ്ട്. നമ്മുടെ ദൈവം വലിയവൻ. നമുക്ക് വേണ്ടി ഇന്നും കാക്കയെ അയക്കാൻ  ശക്തൻ ആണ് .

അങ്ങിനെ വർഷങ്ങൾ കടന്നു പോയി . 2008 -2015 വരെ കൂട്ടാളിക്കു  ജോലി ഇല്ലായിരുന്നു. അതിനിടയിൽ പലപ്പോഴും രോഗത്തിന്റെ അവസ്ഥയിൽ കൂടി അദ്ദേഹം കടന്നു പോയി . ഒരു ദിവസം ഓഫീസിൽ ഇരിക്കുമ്പോൾ പെട്ടെന്ന് വരണമെന്ന് പറഞ്ഞു ഫോൺ വന്നു . അദ്ദേഹത്തിന് നെഞ്ചു വേദന വരികയും അതെ സമയം തന്നെ പിഎം ജോർജ് പാസ്റ്റർ അത് ദർശനത്തിൽ കാണുകയും കൂട്ടാളി വിളിച്ചപ്പോൾ തന്നെ പ്രാർത്ഥിക്കുകയും നമ്മുടെ ചില സഹോദരങ്ങൾ ഹോസ്പിറ്റലിൽ കൊണ്ട് പോകുകയും ചെയ്തു  .അന്ന് നടന്ന പരിശോധനയിൽ ബ്ലോക്ക് ഉണ്ടെന്നു അറിയുകയും ചെയ്തു . എല്ലാരും എന്നോട് പറഞ്ഞു കയ്യിൽ ക്യാഷ് കരുതി വെക്കണം സ്റ്റെന്റ് ഇടുവാൻ . എന്നാൽ ദൈവത്തോട് ഇങ്ങിനെ പറഞ്ഞു കർത്താവെ എന്റെ കരം ശൂന്യം ആണ് . ഒന്നുകിൽ സ്റ്റെന്റ് ഇടുവാനുള്ള ക്യാഷ് തരണം , അല്ലെങ്കിൽ നിന്റെ ശക്തിയാൽ ബ്ലോക്കിനെ മെൽറ്റ്‌ ചെയ്യണം .ഇങ്ങിനെ പ്രാർത്ഥിച്ചു ദൈവ കരങ്ങളിൽ കൊടുത്തു കിടന്നുറങ്ങി . അടുത്ത ദിവസം രാവിലെ ടെസ്റ്റ് ചെയ്യാൻ കടന്നു പോയി . ചെക്ക് ചെയ്തു, അത്ഭുതമെന്നു പറയട്ടെ ഒരു ബ്ലോക്ക് പോലും ഇല്ലാതെ കർത്താവു അദ്ദേഹത്തെ സൗഖ്യമാക്കി .

ദൈവം എത്ര വലിയവൻ . അത് പോലെ മറ്റൊരു സമയത്തു യൂറിൻ സ്റ്റോൺ വന്നിട്ട് ഹോസ്പിറ്റലിൽ കൊണ്ട് പോയി . അവർ ഇൻജെക്ഷൻ മാത്രം എടുത്തു വീട്ടിൽ മടക്കി അയച്ചു. യൂറോളജി ഡിപ്പാർട്മെന്റിൽ 40 ദിവസം കഴിഞ്ഞു അപ്പോയ്ന്റ്മെന്റു കിട്ടി . എന്നാൽ വീട്ടിൽ വന്ന ശേഷം വേദന കൊണ്ട് അദ്ദേഹം കരയുന്നതു കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റിയില്ല . സങ്കീർത്തനം 103 : 3 ആംവാക്യം  വായിച്ചു വിശ്വാസത്തോടെ പ്രാർത്ഥിക്കാൻ തുടങ്ങി . 12 മണിക്ക് പ്രാർത്ഥിക്കാൻ ഇരുന്നു ദൈവത്തോട് ഇങ്ങിനെ പറഞ്ഞു കർത്താവെ 2 മണിക്ക് മുൻപായി ഈ സ്റ്റോൺ പുറത്തു പോകുന്നത് എന്റെ കണ്ണ് കൊണ്ട് കാണണം . അത്ഭുതമെന്നു പറയട്ടെ യൂറിൻ പാസ് ചെയ്യുകയും 2 സ്റ്റോൺ പുറത്തു വരികയും ചെയ്തു . ആ സ്റ്റോൺ എടുത്തു വെച്ചിട്ടു അനേകർ അത് കണ്ടു വിശ്വാസത്തിൽ ഉറക്കുവാൻ ഇടയായി തീർന്നു .

അതിനിടയിൽ മൂത്ത മകളുടെ രോഗത്തോടുള്ള ബന്ധത്തിൽ ഞങ്ങൾ അനവധി കഷ്ടങ്ങളിൽ കൂടി കടന്നു പോയി. അന്ന് തിരുവനന്തപുരം ചിത്ര ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ് എന്നോട് പറഞ്ഞു ഈ കുഞ്ഞു ഒരിക്കലും വിവാഹം കഴിക്കാൻ പാടില്ല . ഇനി വിവാഹം നടന്നാലും ഒരു കുഞ്ഞു ഉണ്ടാകരുത് . ഉണ്ടായാൽ അതിനും ഇതേ  അസുഖം കാണും എന്ന്. അല്ലെങ്കിൽ അംഗ വൈകല്യം ഉള്ള കുഞ്ഞു ആയിരിക്കും ജനിക്കുന്നത് എന്ന്. ചില പ്രത്യേക ടെസ്റ്റുകൾ നടത്തിയിട്ടാണ് അങ്ങിനെ എന്നോട് പറഞ്ഞത് . ഞങ്ങൾ വളരെ നിരാശയിൽ ആയെങ്കിലും ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ സംശയിക്കാതെ വിശ്വസിച്ചു.ദൈവ കരങ്ങളിൽ പൂർണ്ണമായി അവളെ ഏൽപ്പിച്ചു കൊടുത്തു  പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു . എന്നാൽ അത്ഭുതമെന്നു പറയട്ടെ 2015 ഡിസംബർ 21 നു പൈതലിന്റെ വിവാഹം സ്വർഗ്ഗത്തിലെ വലിയവനായ ദൈവം ഭംഗിയായി നടത്തുവാൻ കൃപ ചെയ്‌തു . എന്നാൽ ആ സമയത്തു ഞങ്ങളുടെ സാമ്പത്തിക അവസ്ഥ വളരെ മോശമായിരുന്നു . വിവാഹം ഉറപ്പിച്ച സമയത്തു ഒരു രൂപ പോലും ബാങ്ക് ബാലൻസ് ഇല്ലായിരുന്നു . എന്നാൽ ദൈവം തക്ക സമയത്തു ദൂതനെ അയച്ചു എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി ചെയ്യാൻ സ്വർഗ്ഗത്തിലെ ദൈവം സഹായിച്ചു ദൈവത്തിനു മഹത്വം. നമ്മുടെ ദൈവം വാക്ക് മാറാത്തവൻ .  അതിനു ശേഷം മോൾ പ്രെഗ്നന്റ് ആയി.. ആ സമയത്തു ഒക്കെ വളരെ സ്ട്രോങ്ങ് മെഡിസിൻ ആണ് മോൾ കഴിച്ചു കൊണ്ടിരുന്നത് . ഡോക്ടർ പറഞ്ഞു ഉറപ്പായിട്ടും  കുഞ്ഞിന് അംഗവൈകല്യം  ഉണ്ടാകുമെന്നു . അവൾ പലപ്പോളും രോഗത്തിന്റെ അവസ്ഥയിൽ കൂടി കടന്നു പോകേണ്ടി വന്നു .

എന്നാൽ ദൈവം വാക്ക് മാറാത്തവൻ എന്ന് ഉറച്ചു വിശ്വസിച്ചു . അത്ഭുതമെന്നു പറയട്ടെ 2016 നവംബർ മാസം 20 ആം തീയതി പൂർണ്ണ വളർച്ചയുള്ള ഒരു അംഗവൈകല്യവും ഇല്ലാത്ത സുന്ദരനായ ഒരു ആൺ കുഞ്ഞിനെ സ്വർഗ്ഗത്തിലെ വലിയവനായ ദൈവം നൽകി തന്നു . ദൈവം വലിയവനെന്നു ഒരിക്കൽ കൂടി രുചിച്ചറിയുവാൻ ദൈവം സഹായിച്ചു . ഇന്നും നമുക്ക് വേണ്ടി അത്ഭുതങ്ങൾ പ്രവർത്തിക്കാൻ അവൻ ശക്തനല്ലെ .

 

 

.അതിനു ശേഷം  2015 ഇൽ കൂട്ടാളിക്കു ഒരു ജോലി  ലഭിച്ചു. അതിനു മുന്നെയുള്ള എട്ടു വർഷക്കാലം ഒരു ആളിന്റെ വരുമാനം കൊണ്ട് ദൈവം ഈ മരുഭൂമിയിൽ  ജയോത്സവമായി നടത്തി. പിന്നീട് ഞങ്ങളുടെ  അവസ്ഥക്ക് അൽപ്പം വ്യത്യാസം വന്നു .ജോലിയോടുള്ള ബന്ധത്തിൽ ഒരു വാഹനം ലഭിക്കാൻ ഇടയായി . അത് ഒരു അനുഗ്രഹമായി തീർന്നു. കാരണം ഒരു വാഹനം ഇല്ലാത്തതു കൊണ്ട് വളരെ പ്രയാസമായിരുന്നു.. സ്നാനപ്പെട്ട അന്ന് മുതൽ എന്റെ ജീവിതത്തിലെ വലിയ ആഗ്രഹം ആയിരുന്നു കർത്താവിന്റെ വേല ചെയ്യണമെന്നുള്ളത് . അതിനായ് പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു . അങ്ങിനെ ഇരിക്കുമ്പോൾ ആണ് 2014ഇൽ ദോഹയിൽ ഒരു ബൈബിൾ സ്റ്റഡി കോഴ്സ് ആരംഭിച്ചത് . പിന്നീട് ഒന്നും ആലോചിച്ചില്ല . ഉടനെ തന്നെ അതിനു ജോയിൻ ചെയ്യുകയും 3 വര്ഷം കർത്താവിന്റെ മാറ്റമില്ലാത്ത തിരുവചനം പഠിക്കുവാൻ ദൈവം സഹായിച്ചു . 2017 ഇൽ  GRADUATE  ചെയ്യാൻ  ദൈവം സഹായിച്ചു. അതിന്റെ ഫീസ് ഒക്കെ കൊടുക്കുവാൻ വളരെ ബുദ്ധിമുട്ടിയിട്ടുണ്ട് . ദൈവം വലിയവൻ . അതിനു ശേഷം വീണ്ടും പുതിയ കൃപാവരങ്ങൾ എന്റെ മേൽ പകർന്നു തന്നു . ദൈവത്തിനു മഹത്വം .

 

അതിനു ശേഷം 2017 ഇൽ എനിക്ക് ഒരു കോൾഡ് വന്നു . ഡോക്ടറിനെ കണ്ടു ചില മെഡിസിൻ കഴിപ്പാൻ ഇടയായി . എന്നാൽ എന്റെ ബിപി കൌണ്ട് കൂടുതൽ ആരുന്നത് കൊണ്ട് പഴയ മരുന്ന് മാറ്റി പുതിയ ഒരു മരുന്ന് തന്നു .അത് കഴിച്ചു തുടങ്ങുകയും ചെയ്തു . എനിക്ക് പനി കൂടുകയും വിറയൽ അനുഭവപ്പെടുകയും ചെയ്തു. വീണ്ടും ഡോക്ടറിന്റെ അടുത്ത് പോയി. പുതിയ ചില മരുന്നുകൾ തരുവാനിടയായി . എന്നാൽ എനിക്ക് രോഗത്തിന് ഒരു ശമനവും ഉണ്ടായില്ല എന്ന് മാത്രമല്ല രോഗം മൂർച്ഛിക്കുവാൻ ഇടയായി . അവസാനം എന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു . പല ഡോക്ടർസിന്റെ ടീം ആയി വന്നു എന്റെ രോഗത്തെ പറ്റി ചർച്ച ചെയ്യുവാൻ തുടങ്ങി . എന്നാൽ അവർക്കാർക്കും തന്നെ എന്റെ രോഗം കണ്ടു പിടിക്കാൻ കഴിഞ്ഞില്ല . പല മരുന്നുകൾ മാറി ഇൻജെക്ട് ചെയ്തിട്ടും അലർജി ഉണ്ടാകുന്നതല്ലാതെ ഒരു മാറ്റവും ഉണ്ടായില്ല . പോയതിലും എന്റെ രോഗം കൂടുവാനിടയായി. അവസാനം അവർ എനിക്ക് ടൈഫോയ്ഡ് ആണെന്ന് റിപ്പോർട്ട് എഴുതി എന്നെ വീട്ടിലേക്കു മടക്കി അയച്ചു. നിരാശയോടെ വീട്ടിലേക്കു മടങ്ങി.എന്റെ ശരീരം മുഴുവനും പുകച്ചിലും മസിൽ വേദന ആയി ഭാരപ്പെട്ടു . വീണ്ടും പല ആശുപത്രികളിൽ കടന്ന് പോകുകയും അവർ ഒക്കെ തന്ന മരുന്നുകൾ ഒക്കെ കഴിക്കുകയും ചെയ്തു . ആർക്കും എന്റെ രോഗം കണ്ടു പിടിക്കാൻ കഴിഞ്ഞില്ല .  കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നിന്റെ ഏതെങ്കിലും സൈഡ് എഫക്ട് ആണോന്നറിയാൻ പല ഡോക്ടർമാരെ സമീപിച്ചു. അല്ലെന്നു ഉത്തരം ലഭിച്ചു. ഏകദേശം ഒരു മാസം തീചൂളയുടെ അനുഭവത്തിൽ കൂടി കടന്നു പോകേണ്ടി വന്നു. എന്റെ അവസ്ഥ വളരെ മോശമായി കൊണ്ടിരുന്നു. എന്റെ കരച്ചിൽ കാരണം വീട്ടിൽ ആർക്കും ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആയി,എന്നാലും ആ സമയത്തും ദൈവത്തോട് പ്രാർത്ഥിക്കുകയും അന്യഭാഷയിൽ ആരാധിക്കുകയും ചെയ്യുമായിരുന്നു.എന്റെ കൂട്ടാളി പറഞ്ഞു ഇന്ന് ഒരു ദിവസം കൂടി നോക്കാം . കുറഞ്ഞില്ലെങ്കിൽ അടുത്ത ദിവസം നാട്ടിലേക്കു പോകാമെന്നു.  അതൊരു ശനിയാഴ്ചയായിരുന്നു .അദ്ദേഹം ജോലിക്കു പോയി . എന്റെ കിടക്കയിൽ ഇരുന്നു കൊണ്ട് ഉറക്കെ പ്രാർത്ഥിക്കുവാൻ തുടങ്ങി . എന്നും രോഗ സൗഖ്യത്തിനു വേണ്ടിയായിരുന്നു പ്രാര്ഥിച്ചിരുന്നത് . എന്നാൽ അന്ന് ഇങ്ങിനെ പ്രാർത്ഥിക്കുവാൻ ആത്മാവ് പ്രേരണ നൽകി. കർത്താവെ അനേക ദൈവമക്കൾ ദിവസങ്ങളായി [പ്രാർത്ഥിച്ചിട്ടും എന്ത് കൊണ്ട് എന്റെ രോഗം മാറുന്നില്ല . അതിന്റെ കാരണം എന്താ കർത്താവെ എന്നെ ഇന്ന് ഒന്നു വെളിപ്പെടുത്തി തരണേ എന്ന്. അൽപ്പ സമയം കഴിഞ്ഞപ്പോൾ ഒരു സ്‌ക്രീനിൽ എന്നെ ദൈവം ചില ലെറ്റേഴ്സ് എഴുതി കാണിച്ചു . അത് ഓടിച്ചു വായിച്ചു . EXFORGE - ഇതായിരുന്നു ലെറ്റർ . എനിക്ക് ആദ്യം ഒന്നും മനസിലായില്ല . എന്നാൽ പെട്ടെന്ന് ദൈവാത്മാവ് എന്നോട് പറഞ്ഞു ഇത് നിനക്ക് പുതിയതായി തന്ന ബിപി മെഡിസിൻ ആണെന്ന് ,

പോയി അതിന്റെ ലീഫ്ലെറ് എടുത്തു സൈഡ് എഫക്ട് വേഗം വായിക്കാൻ പറഞ്ഞു . പെട്ടെന്ന് തന്നെ അങ്ങിനെ ചെയ്തപ്പോൾ സൈഡ് എഫക്ട് ഒന്നും കാണുന്നില്ല . എന്നാൽ വീണ്ടും താഴോട്ട് വായിക്കാൻ പറഞ്ഞു . RARE സൈഡ് എഫക്ട് വായിച്ചപ്പോൾ എന്റെ പ്രശ്നങ്ങൾ ഒക്കെ അതിൽ ഉണ്ടായിരുന്നു. ഉടനെ തന്നെ ആ മരുന്ന് നിർത്തുകയും രണ്ട് ദിവസത്തിന് ശേഷം എന്റെ രോഗത്തിന് ശമനം വരികയും ചെയ്തു.  പ്രിയ ദൈവ മക്കളെ ലോകത്തിലെ വൈദ്യന്മാർക്കു വെളിപ്പെടുത്താത്ത രഹസ്യം നമ്മെ  വെളിപ്പെടുത്തുന്ന വലിയവനായ നമ്മുടെ ദൈവം എത്ര വിശ്വസ്തൻ . ദൈവം എത്ര വലിയവൻ . അനേകരോട് ഈ സാക്ഷ്യം പറഞ്ഞിട്ടുണ്ട് . ഇതിനു മുന്നേയും ഇത് പോലെ ഒരു അനുഭവം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് . അന്നും ഇത് പോലെ ടാബ്ലെറ്റിന്റെ പേര് ദൈവം വെളിപ്പെടുത്തി അതിന്റെ അലർജി ആണെന്ന് മനസിലാക്കി തന്നിട്ടുണ്ട് . എന്നാൽ 2017 മൂന്നാം മാസം കൂട്ടാളിക്കു വീണ്ടും ജോലി നഷ്ടപ്പെടുകയും ഞങ്ങൾ പഴയ അവസ്ഥയിലേക്ക് വീണ്ടും കടന്നു വരികയും ചെയ്തു . സ്വന്തമായി ഒരു വാഹനം വാങ്ങുവാൻ ദൈവം സഹായിച്ചു . ആ സമയത്തു ഒരു ദിവസം വാഹനം ഒരു വലിയ അപകടത്തിൽ പെടുകയും അത്ഭുതകരമായി ഒരു പോറൽ പോലും ഏൽക്കാതെ ദൈവം കൂട്ടാളിയെ വിടുവിക്കുകയും ചെയ്തു. ആ വാഹനം വന്നു കണ്ടവർ ഒക്കെയും പറഞ്ഞു ജീവൻ മടക്കി കിട്ടിയത് ദൈവത്തിന്റെ കരുണയാണെന്നു . ദൈവത്തിനു മഹത്വം .

 

 

2017 നവംബർ മാസം വീണ്ടും ചില ശാരീരിക ബുദ്ധിമുട്ടുകൾ എനിക്ക് ഉണ്ടായി.എന്റെ വയറിന്റെ രണ്ട് സൈഡിലുമായി എന്തോ കട്ടിയായി ഇരിക്കുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു. കിടക്കുവാനൊക്കെ വളരെ പ്രയാസം തോന്നി . ചില പരിശോധനകൾ നടത്തി . സ്കാൻ റിപ്പോർട്ട് കണ്ടിട്ട് ഡോക്ടർ വളരെ ടെൻഷൻ ആകുന്നത് കാണുവാൻ ഇടയായി. എന്നോട് പറഞ്ഞു പാൻക്രിയാസ് ഇൽ മാസ്സ് ഉണ്ട്  വീണ്ടും ചില ടെസ്റ്റുകൾ നടത്തി . എന്നിട്ടു രോഗത്തിന്റെ പേര് റിപ്പോർട്ടിൽ എഴുതി (ഒരു ടൈപ്പ് ഓഫ് കാൻസർ ) വെച്ചിട്ടു എന്നോട് പറഞ്ഞു അടുത്ത ദിവസം രാവിലെ തന്നെ മെയിൻ ഹോസ്പിറ്റലിൽ പോയി ഒന്ന് കൂടി സ്കാൻ ചെയ്യണമെന്ന് . ആരെയോ ഒക്കെ ഡോക്ടർ പെട്ടെന്ന് ഫോണിൽ വിളിച്ചു എമർജൻസി അപ്പോയ്ന്റ്മെന്റ് തന്നു . അന്ന് രാത്രിയിൽ ഞങ്ങൾ കൂട്ടാളിയുമായി ഒരുമിച്ചു വയറ്റിൽ  കരം വെച്ച് പ്രാർത്ഥിച്ചു . ഒരു പ്രത്യേക പ്രേരണയാൽ ഇങ്ങിനെ എന്നോട് പ്രാർത്ഥിക്കാൻ ദൈവം സംസാരിച്ചു. കർത്താവെ നീയാണല്ലോ ആദ്യത്തെ അനസ്തേഷ്യ കൊടുത്തു ആദാമിനെ സർജറി ചെയ്തവൻ . ഇന്ന് രാത്രിയിൽ എനിക്കു ഗാഢനിദ്ര വരുത്തി എന്നെ നീ സർജറി ചെയ്തു ആ മാസ്സ് എടുത്തു മാറ്റണമെന്ന് . മാത്രമല്ല എന്നെ സർജറി ചെയ്തെന്നു വിശ്വസിക്കേണ്ടതിനു ചില അടയാളങ്ങൾ രാവിലെ കാണിക്കേണമെന്നു പ്രാർത്ഥിച്ചു സമാധാനത്തോടെ കിടന്നുറങ്ങി . അന്ന് രാത്രിയിൽ സുഖമായി. ഉറങ്ങുവാൻ ഇടയായി. .രാവിലെ ഉണർന്നു പെട്ടെന്ന് തന്നെ റെഡി ആയി സ്കാനിങ്ങിനു പോകുവാൻ . ഹോസ്പിറ്റലിൽ എട്ടു മണിക്ക് എത്തി . എട്ടരയ്ക്ക് സ്കാൻ ചെയ്തു .

കുറെ കഴിഞ്ഞു. പുറത്തു വെയിറ്റ് ചെയ്യാൻ പറഞ്ഞു . ഡോക്ടർ വന്നു എന്നെ വിളിച്ചു . എന്നോട് പറഞ്ഞു അൽപ്പം കഴിഞ്ഞു ഒന്ന് കൂടി സ്കാൻ ചെയ്യണമെന്ന് . എനിക്ക് ഒന്നും മനസിലായില്ല . അവിടെ വെയിറ്റ് ചെയ്തു വീണ്ടും മെയിൻ ഡോക്ടർ വന്നു എന്നെ വിളിച്ചു . സ്കാനിംഗ് തുടങ്ങി . എന്നോട് ചോദിച്ചു ഇന്നലെ രാത്രിയിൽ എന്തെങ്കിലും മരുന്ന് കഴിച്ചോ എന്ന് . ഇല്ലെന്നു പറഞ്ഞു . ആദ്യത്തെ റിപ്പോർട്ടിൽ മാസ്സ് കാണുന്നു .എന്നാൽ രണ്ട് പ്രാവിശ്യം വീണ്ടും സ്കാൻ ചെയ്തിട്ടും ഒന്നും തന്നെ കാണുന്നില്ല എന്ന് പറഞ്ഞു. എനിക്ക് അപ്പോൾ തന്നെ കാര്യം വെളിപ്പെട്ടു . ഇന്നലെ രാത്രിയിൽ ദൈവം എന്നെ സർജറി ചെയ്തു മാസ്സ് എടുത്തു മാറ്റിയതാണെന്നു . ഡോക്ടറോട് ഈ കാര്യം പറയുവാൻ ഇടയായി .  ദൈവമാണ് എന്നെ സൗഖ്യമാക്കിയതെന്നു പറഞ്ഞു . ഡോക്ടറും അത് വിശ്വസിപ്പാൻ ഇടയായി തീർന്നു. എന്റെ ജോലി സ്ഥലത്തു അനേകർ എന്റെ ഈ വിവരം അറിഞ്ഞു അത്ഭുതപ്പെടുവാൻ ഇടയായി. മാത്രമല്ല അന്ന് പകൽ മുഴുവനും ഒരു സർജറി കഴിഞ്ഞ രോഗിക്ക് ഉണ്ടാകാവുന്ന ക്ഷീണവും പ്രയാസവും ഒക്കെ എനിക്കും ഉണ്ടായി. ദൈവം അടയാള സഹിതം എന്നെ വിടുവിച്ചു .പ്രിയ ദൈവമക്കളെ നമ്മുടെ ദൈവം നല്ല ഗിലെയാദിലെ വൈദ്യനായി ഇന്നും നമുക്ക് വേണ്ടി ജീവിക്കുന്നു . ആമേൻ. എന്നെ വിടുവിച്ച ദൈവം നിങ്ങളെയും വിടുവിക്കുമാറാകട്ടെ . വിശ്വസിക്കുക മാത്രം ചെയ്യുക. അവൻ പ്രവർത്തിക്കാൻ ശക്തൻ. എന്നെ ആദ്യം നോക്കിയ ഡോക്ടർ എന്റെ ഫൈനൽ റിപ്പോർട്ട് വെയിറ്റ് ചെയ്യുകയായിരുന്നു . ഡോക്ടറിന് അപ്പോൾ തന്നെ ഈമെയിലിൽ കൂടി ഈ സാക്ഷ്യം അറിയിക്കുകയുണ്ടായി. ഡോക്ടറും പറഞ്ഞു ദൈവമാണ് വിടുവിച്ചതെന്നു. ഒരു ഹിന്ദു ഡോക്ടർ ആയിട്ടു പോലും അത് ഏറ്റെടുത്തു വിശ്വസിച്ചു. നമുക്ക് വേണ്ടി ഇറങ്ങി വരുന്ന ദൈവത്തിന്റെ ശക്തിയിൽ വീണ്ടും വിശ്വസിക്കാം

2017 - ഇൽ കൂട്ടാളിക്കു ജോലി നഷ്ടപ്പെട്ട സമയത്തും ചില പാർട്ട് ടൈം ജോലികൾ ചെയ്യുവാനിടയായി . വീട്ടിൽ വിവിധ തരത്തിലുള്ള അച്ചാറുകൾ ഉണ്ടാക്കി പുതിയ കുപ്പികളിൽ നിറച്ചു അടുത്ത പരിചയക്കാർക്കും കൂടെ ജോലി ചെയ്യുന്ന സ്റ്റാഫിനും ഒക്കെ ഓർഡർ അനുസരിച്ചു ഉണ്ടാക്കി കൊടുക്കാൻ തുടങ്ങി . കൂടാതെ ബേക്കറി ഐറ്റംസും ഉണ്ടാക്കുമായിരുന്നു. രാവിലെ ജോലിക്കു പോകുമ്പോൾ ഒരു വലിയ ബാഗിൽ ഇതൊക്കെ എടുത്തു കൊണ്ട് പോകുമായിരുന്നു. എന്നിട്ടു അത് വിറ്റു ക്യാഷ് വാങ്ങി വീട്ടിലെ ചെറിയ ആവിശ്യങ്ങൾ നടത്തുമായിരുന്നു .രാത്രിയിൽ ഒരു മണി വരെയൊക്കെ ഞങ്ങൾ രണ്ട് പേരും കൂടി ഇരുന്നു പലഹാരങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പിറ്റേന്ന് രാവിലെ എഴുന്നേറ്റു ജോലിക്കു പോകുവാൻ ദൈവം എന്നെ ബലപ്പെടുത്തി.  ശനിയാഴ്ച ദിവസങ്ങളിൽ രാവിലെ മുതൽ വൈകിട്ട് വരെ ഇരുന്നു ഞങ്ങൾ രണ്ട് പേരും കൂടി പലഹാരങ്ങൾ ഉണ്ടാക്കി കൊടുത്തിട്ടുണ്ട് .. വീട്ടിൽ മിക്കപ്പോളും ശൂന്യതയുടെ അവസ്ഥകൾ ആയിരുന്നു . എന്നാൽ ഞങ്ങളുടെ മകൻ ഈ ശൂന്യതയുടെ നടുവിലും ഉള്ളത് ഭക്ഷിച്ചു ഉള്ളത് കൊണ്ട് സ്കൂളിൽ  പോകുമായിരുന്നു . കുഞ്ഞു ഒരിക്കലും ഒന്നിലും പരാതി പറഞ്ഞിട്ടില്ല . മാത്രമല്ല എപ്പോളും അടുക്കളയിൽ വന്നിട്ട് എന്നെ ആശ്വാസവാക്കുകൾ പറഞ്ഞു ബലപ്പെടുത്തുമായിരുന്നു . അവന്റെ എല്ലാ ആവിശ്യങ്ങളും പ്രാർത്ഥിച്ചു വാങ്ങി കൊള്ളാൻ ഞങ്ങൾ കുഞ്ഞിനെ ശീലിപ്പിച്ചിട്ടുണ്ട് . അത് കൊണ്ട് എത്ര പ്രതികൂലം വന്നാലും അതിൽ ജയിക്കാൻ ദൈവം കുഞ്ഞിന് കൃപ നൽകി. മോൻറെ ഫുഡ് ,ഫീസ് ഇതിനൊക്കെ വളരെ പ്രയാസം അനുഭവിച്ചിട്ടുണ്ട് .

എന്നാൽ ഇതൊക്കെ ആണെങ്കിലും ഷോപ്പിൽ പോയാൽ ഒരു ചോക്ലേറ്റ് പോലും വാങ്ങി കൊടുക്കാൻ ഒരിക്കലും ആവിശ്യപ്പെട്ടിട്ടില്ല . വീട്ടിലെ എല്ലാ കഷ്ടതയും പ്രയാസങ്ങളും കണ്ടു വളരുവാൻ കുഞ്ഞിനെ ദൈവം സഹായിച്ചു. ഒരു സ്കൂൾ ബാഗ് തുടർച്ചയായി മൂന്ന് വര്ഷം വരെ കൊണ്ട് പോയിട്ടുണ്ട് . കീറിയ ഷൂ ഇട്ടു കൊണ്ട് സ്കൂളിൽ പോയിട്ടുണ്ട് . രാവിലെ വെറും കട്ടൻ കാപ്പി മാത്രം കുടിച്ചിട്ട് അവൻ സ്കൂളിൽ പോയിട്ടുണ്ട് . പല ദിവസങ്ങളിലും ഫുഡ് ഇല്ലാതെ സ്കൂളിൽ പോയിട്ടുണ്ട് . എന്നാൽ ഒരിക്കൽ മാത്രം എന്നോട് ഒരു ചോക്ലേറ്റ് വാങ്ങി കൊണ്ട് വരണമെന്ന് പറഞ്ഞു. ഒരു റിയാലിന്റെ ചോക്ലേറ്റ്. മോനെ കാക്ക വന്നാൽ 'അമ്മ കൊണ്ട് വരാം എന്ന് പറഞ്ഞിട്ട് ഓഫീസിൽ പോയി . വീട്ടിൽ മിക്ക സാധനങ്ങളും തീർന്നിരുന്നു . അടുക്കളയിൽ ആകെ ശൂന്യത . എന്നാൽ ഓഫീസിൽ വന്നപ്പോൾ എന്റെ ടേബിളിന്റെ അടിയിൽ താഴെ ഒരു വലിയ കവർ ഇരിക്കുന്നത് കണ്ടു. ഏതെങ്കിലും സ്റ്റാഫിന്റെ ആയിരിക്കും എന്നാണ് വിചാരിച്ചതു . പിന്നെ അങ്ങോട്ട് ശ്രദ്ധിച്ചില്ല . എന്നാൽ വൈകിട്ട് അഞ്ചു മണി ആയിട്ടും അത് ആരും എടുക്കുന്നില്ല . ഉടനെ ഒരു ഫോൺ വന്നു . എന്നോട് ഒരു സ്റ്റാഫ് പറഞ്ഞു ഒരു കവർ അവിടെ വെച്ചിട്ടുണ്ട് . എടുത്തു കൊണ്ട് പോകണം എന്ന്. ഫോൺ കട്ട് ചെയ്തു . എനിക്ക് തിരിച്ചു ഒന്നും ചോദിക്കാൻ തോന്നിയില്ല . ഉടനെ തന്നെ കവർ തുറന്നു നോക്കിയപ്പോൾ അതിൽ നിറയെ സാധനങ്ങൾ ഉണ്ടായിരുന്നു. മാത്രമല്ല എന്തൊക്കെ സാധങ്ങൾ വീട്ടിൽ തീർന്നിരുന്നോ അതൊക്കെ അതിൽ ഉന്ടായിരുന്നു .കൂടാതെ കുഞ്ഞു ചോദിച്ച ചോക്ലേറ്റ് സെയിം കളർ അതിൽ ഉണ്ടായിരുന്നു. പ്രിയ ദൈവ മക്കളെ എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല .സന്തോഷവും സങ്കടവും കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ദൈവത്തിനു മഹത്വം കൊടുത്തു . നമ്മുടെ ദൈവം ഇന്നും ജീവിക്കുന്നു .രക്ഷിപ്പാൻ കഴിയാതെ അവന്റെ കരം കുറുകീട്ടില്ല. അവൻ ഇന്നും പ്രവർത്തിപ്പാൻ ശക്തനല്ലെ . പല പ്രാവിശ്യങ്ങളിൽ ഇങ്ങിനെ ലഭിച്ചിട്ടുണ്ട്. അത് പോലെ തന്നെ വീട്ടിലും കാക്കയെ അയച്ചു വേണ്ടുന്നതൊക്കെയും നൽകി തന്നിട്ടുണ്ട് . ദൈവം എത്ര വലിയവൻ .

ദൈവിക ശുശ്രൂഷയോടുള്ള ബന്ധത്തിൽ അനേക രാജ്യങ്ങളിൽ കർത്താവിന്റെ വചനവുമായി കടന്നു പോകുമെന്ന് എന്നോടുള്ള ദൈവിക വാഗ്ദത്ത പ്രകാരം 2018 ജൂലൈ മാസം മസ്കറ്റിന്റെ പ്രദേശത്തു ഒരു ദൈവസഭയിൽ നടന്ന മൂന്ന് ദിവസത്തെ ഉപവാസ പ്രാർത്ഥനയിൽ ഒരു യോഗ്യതയും ഇല്ലാത്ത എന്നെ ദൈവവചനം പ്രസംഗിക്കാൻ  വലിയവനായ ദൈവം സഹായിച്ചു . സകല മഹത്വവും ദൈവത്തിനു മാത്രം . അനേകരോട് എന്റെ സാക്ഷ്യം പറയുവാനും അത് മുഖാന്തിരം അനേകർ വിശ്വാസത്തിൽ ഉറക്കുവാനും ദൈവം സഹായിച്ചു . അവൻ എത്ര വലിയവൻ. ആമേൻ.

 

അതിനു ശേഷം രണ്ടാമത്തെ മകൾ പ്ലസ് ടു പഠനത്തിന് ശേഷം മെഡിസിന് പഠിക്കാനായി കടന്നു പോയി. എന്നാൽ അന്ന് മുതൽ എപ്പോളും പൈതൽ പല രോഗത്തിന്റെ അനുഭവത്തിൽ കൂടി കടന്നു പോയി . എപ്പോൾ വിളിച്ചാലും വളരെ ഭാരത്തോടെ ഈ വിവരം പറയുമായിരുന്നു . രണ്ട് വര്ഷം അങ്ങിനെ ദൈവം അവളെ നടത്തി . എന്നാൽ 2018 ഇൽ ഒരു ആവിശ്യത്തിന് വേണ്ടി നാട്ടിൽ പോകേണ്ടി വന്നു .മടങ്ങി ദോഹയിൽ വന്ന സമയത്തു ചില ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു . ഹോസ്പിറ്റലിൽ പോയി ചില മരുന്നുകൾ വാങ്ങുവാൻ ഇടയായി തീർന്നു . അത് കഴിക്കുകയും ചെയ്തു . അടുത്ത ദിവസം പഠന സ്ഥലത്തേക്ക് മടങ്ങി പോകുവാൻ ആയി എഴുന്നേറ്റപ്പോൾ നിൽക്കാൻ കഴിയാതെ വീണു പോകുന്ന ഒരു അവസ്ഥ ഉണ്ടായി . വളരെ ഭാരപ്പെട്ടു.എങ്കിലും ദൈവത്തിൽ ആശ്രയിച്ചു പ്രാർത്ഥിച്ചു ദൈവ കരങ്ങളിൽ കൊടുത്തു മടക്കി അയച്ചു .

യാത്രയിൽ ദൈവം കാത്തു . എന്നാൽ അവിടെ ചെന്നതിനു ശേഷം വളരെ പ്രയാസത്തിൽ കൂടി കടന്നു പോയി . ദൈവ സന്നിധിയിൽ നിലവിളിച്ചു പ്രാർത്ഥിച്ചു . എന്ത് കൊണ്ടാണ് ഇങ്ങിനെ ഉണ്ടായതെന്നു ദൈവത്തോട് ചോദിച്ചു .

അവൾ കഴിച്ച മരുന്നിന്റെ സൈഡ് എഫക്ട് ആണ് കാരണമെന്നു ദൈവം പറഞ്ഞു .അപ്പോൾ തന്നെ അവളോട് ഈ കാര്യം പറയുകയും സമാധാനിപ്പിക്കുകയും ചെയ്തു. പിറ്റേന്ന് വീണ്ടും അവളെ ദോഹയിലേക്ക് തിരികെ കൊണ്ട് വരികയും ചെയ്തു . ഒരു ആഴ്ചക്കു ശേഷം വീണ്ടും പഠന സ്ഥലത്തേക്കു മടങ്ങി പോകുകയും ചെയ്തു ... എന്നാൽ മകളുടെ ഫീസിന്റെ ആവിശ്യത്തിനായി ആ വാഹനം വിൽക്കേണ്ടി വന്നു . പിന്നീട് ഇന്ന് വരെയും വാഹനം ഇല്ലാതെ ആയിരിക്കുന്നു .അതിനു ശേഷം പോയങ്കിലും എപ്പോളും അവൾ ക്ഷീണിതയായിരുന്നു. എന്ന് മാത്രമല്ല പഠനത്തിൽ മുന്നേറുവാൻ കഴിയാതെ ഭാരപ്പെട്ടു . വീണ്ടും ചില ദിവസങ്ങൾക്കു ശേഷം സൗഖ്യമില്ലാത്ത അവസ്ഥയിൽ പൈതൽ ആയി തീരുകയും പെട്ടെന്ന് തന്നെ ദോഹയിലേക്കുള്ള യാത്ര ക്രമീകരിക്കുകയും ചെയ്തു. ഇങ്ങിനെ അടിക്കടി ഉള്ള യാത്രാ ചിലവുകളാൽ വളരെ സാമ്പത്തിക ബുദ്ധിമുട്ടു അനുഭിക്കേണ്ടി വന്നിട്ടുണ്ട്. ദൈവമല്ലാതെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല . എന്നാൽ ദൈവം തക്ക സമയത്തു വഴിയും വാതിലുകളും തുറന്നു തന്നു. അവളെയും കൂട്ടി എയർപോർട്ടിൽ നിന്നും വീട്ടിലേക്കു കയറുന്നതിനു മുൻപേ തന്നെ എന്റെ കൂട്ടാളി ക്കു നെഞ്ചു വേദന ഉണ്ടാകുകയും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുകയും ചെയ്‌തു. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു . കാരണം മോളെയും കൊണ്ട് ഹോസ്പിറ്റലിൽ പോകാൻ ആണ് പ്ലാൻ ചെയ്തത് . അതിനു മുന്നേ കൂട്ടാളിയെയും കൊണ്ട് പോകേണ്ടി വന്നു. നാലു ദിവസം അദ്ദേഹം ഹോസ്പിറ്റലിൽ കിടന്നു . വീട്ടിൽ കൊണ്ട് വന്നതിനു ശേഷം അദ്ദേഹത്തെ വീട്ടിലാക്കിയിട്ടു മോളെയും കൊണ്ട് ഹോസ്പിറ്റലിൽ പോയി.  ഇങ്ങിനെ ഒന്നിന് പുറകെ ഒന്നായി തീചൂളയുടെ അനേകം അനുഭവങ്ങൾ കടന്നു വന്നെങ്കിലും ദൈവം താങ്ങി നടത്തി . എന്റെ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ട അവസ്ഥയിൽ ആയി തീർന്നു . പലപ്പോളും തളർന്നു പോയിട്ടുണ്ട് . നാളെ എഴുന്നേൽക്കാൻ പറ്റുമോ എന്ന് ആകുലപ്പെട്ടു ക്ഷീണിതയായ് കിടന്നുറങ്ങിയിട്ടുണ്ട് . എന്നാൽ അടുത്ത ദിവസം എനിക്ക് പുതു ബലം തന്നു എന്റെ ദൈവം എന്നെ പരിപാലിച്ചു. പ്രിയരേ, ഓരോ കഷ്ടതയിലും പുതിയ അഭിഷേകം , ഓരോ കണ്ണുനീരിലും പുതിയ കൃപകൾ ദൈവം എനിക്ക് നൽകി തന്നു. കഷ്ടതയുടെ ഓരോ പടികൾ വളരെ പ്രയാസത്തോടെ ചവിട്ടി കയറുമ്പോളും  അതിനകത്തും വ്യാപരിക്കുന്ന ദൈവ ശക്തിയുടെ അളവറ്റ വലിപ്പം എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട് . വഴിയിൽ വെച്ച് വീണു പോകുമോ എന്ന് പലപ്പോളും വിചാരിച്ചപ്പോൾ ദൈവത്തിന്റെ അത്യന്ത ശക്തി എന്റെ മേൽ പകർന്നു തന്നു വളരെ ഈസി ആയി ആ പടികൾ കയറുവാൻ ദൈവം എന്നെ സഹായിച്ചു . അടുത്ത മിനിറ്റിൽ നടക്കേണ്ടുന്ന വിഷയങ്ങൾ ഒക്കെ മാനുഷികമായി ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ നിലത്തു വീണു കിടന്നു നെടുവീർപ്പിട്ട നിമിഷങ്ങളിൽ കണ്ണുനീർ കൊണ്ട് എന്റെ പ്രാർത്ഥന സ്ഥലം നിറഞ്ഞു കവിഞ്ഞ അവസ്ഥയിലും ആരെന്നെ സഹായിക്കുമെന്ന് കർത്താവിന്റെ മുഖത്ത് നോക്കി നെടുവീർപ്പിട്ട നിമിഷങ്ങളിൽ അവസാന നിമിഷങ്ങളിൽ അതായതു നാലാം യാമത്തിൽ എന്റെ അടുക്കൽ ഇറങ്ങി വന്നു എന്നെ മാറോടണച്ചു ആശ്വസിപ്പിച്ച എന്റെ ദൈവം വഴികൾ തുറന്നു തന്നത് എനിക്ക് മറക്കാൻ പറ്റില്ല .ആ കർത്താവു നിങ്ങളുടെ അടുക്കലും ഇറങ്ങി വന്നു നിങ്ങളെ ആശ്വസിപ്പിക്കട്ടെ ..

മോന്റെ ഫീസ് കൊടുക്കാൻ വളരെ ബുദ്ധിമുട്ടുന്ന അവസ്ഥകൾ. മറ്റു കുഞ്ഞുങ്ങളുടെ മുന്നിൽ എന്റെ കുഞ്ഞിനെ വെളിയിൽ ഇറക്കി നിർത്തുമ്പോൾ അവരുടെ മുന്നിൽ ലജ്ജിതനായി കുഞ്ഞിന് നിൽക്കേണ്ടി വരുന്ന അവസ്ഥ വളരെ ശോചനീയമാണ്. അവരുടെ കളിയാക്കലും ചിരിയും ഒക്കെ കുഞ്ഞിനെ ഒത്തിരി മാനസികമായി വേദനിപ്പിച്ചിട്ടുണ്ട് . അപ്പോളൊക്കെ അവൻ തളരാതെ അവരോടു വിശ്വാസത്തിന്റെ വാക്കുകൾ പറയുകയും അത് വന്നു വീട്ടിൽ പറയുകയും സമാധാനിപ്പിക്കുകയും ചെയ്യുമായിരുന്നു . എന്നാൽ മാനുഷികമായി അതിനൊന്നും പരിഹാരം കാണാൻ എനിക്ക് കഴിയുമായിരുന്നില്ല. ദൈവത്തോട് പറയൂ അപ്പോൾ ഫീസ് അടക്കാൻ ദൂതനെ അയക്കുമെന്ന് പറയുമ്പോൾ കുഞ്ഞു അത് പോലെ ചെയ്യുന്നത് കണ്ടിട്ടുണ്ട് . അവനു അങ്ങിനെ ലഭിച്ചിട്ടും ഉണ്ട് . ദൈവത്തിനു മഹത്വം .

 

അനേകം ടെസ്റ്റുകൾ ചെയ്തിട്ടും മോൾക്ക് ഒരു രോഗവും കണ്ടു പിടിക്കാൻ അവർക്കു കഴിഞ്ഞില്ല . ചില വിറ്റാമിൻസിന്റെ കുറവ് മാത്രമേ കാണാൻ കഴിഞ്ഞുള്ളു . എന്നാൽ പിന്നീട് തുടർന്ന് പഠിക്കുവാൻ കടന്നു പോകുവാൻ കഴിയാത്ത ഒരു അവസ്ഥയിൽ ആയി തീരുകയും ഇവിടെ എന്റെ ജോലി സ്ഥലത്ത് ട്രെയിനീ ആയി ചില മാസങ്ങൾ ജോലി ചെയ്യുകയും ചെയ്തു . എന്നാൽ അത് ഒരു താൽക്കാലികമായ മാറ്റത്തിനു വേണ്ടി മാത്രം ആയിരുന്നു. തുടർന്നു ഇപ്പോൾ പുതിയ ഒരു കോഴ്സ് പഠിച്ചു കൊണ്ടിരിക്കുന്നു . ഇങ്ങിനെ ഞങ്ങളുടെ വിശ്വാസ ജീവിത കപ്പൽ ഓരോ ദിവസവും മുന്നോട്ടു നീങ്ങുന്നു. ഇതുവരെയും നടത്തിയ ദൈവം ഇനിയും നടത്തുമെന്ന് ഉറച്ച വിശ്വാസത്തോടെ എന്റെ ഈ സാക്ഷ്യം തല്ക്കാലം . എന്റെ ജീവിതത്തിന്റെ കഷ്ടതയുടെ ചില ഭാഗങ്ങൾ മാത്രമേ ഇവിടെ പ്രസ്താവിച്ചിട്ടുള്ളു  . ഇതിൽ പ്രസ്താവിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും സത്യവും അനുഭവിച്ചതും മാത്രം ആണ് . ഇത്രയും അനുഭവങ്ങൾ എഴുതാൻ എന്നെ സഹായിച്ച ദൈവത്തിനു സർവ മഹത്വവും അർപ്പിക്കുന്നു ദൈവം ആയുസു തന്നാൽ ഇതിന്റെ അടുത്ത ഭാഗം പിന്നീട് എഴുതുന്നതായിരിക്കും.

ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ .ആമേൻ.

Author,

സിസ്റ്റർ ഷീജാ ജെയിംസ്

Picture1

About Author